കണ്ണൂര്‍: ശബരിമലയില്‍ യുവതീ പ്രവേശനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളും പ്രതിഷേധങ്ങളും അക്രമങ്ങളും ദിവസങ്ങള്‍ പിന്നിട്ടിട്ടും കെട്ടടങ്ങുന്നില്ല. കണ്ണൂര്‍ പുതിയ തെരുവില്‍ ബിജെപി ഓഫീസിന് തീയിട്ടു. ഓഫീസിലുണ്ടായിരുന്ന ബിജെപി പ്രവര്ത്തകന് രമേശിന് ഗുരുതരമായി പൊള്ളലേറ്റു.
ഇയാളെ ഉടനം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ പാതയ്ക്കു സമീപം രണ്ടാമത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബിജെപി ഓഫീസിനാണ് ഇന്നലെ രാത്രി 12 മണിയോടെയാണ് തീയിട്ടത്. ഓഫീസിലുണ്ടായിരുന്ന ഫ്ളെക്സ് ബോര്‍ഡുകളും പ്രചരണ സാമഗ്രികളും ഫോട്ടോകളും ഫര്‍ണിച്ചറുകളും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്.
ഇന്നലെ നടന്ന ഹര്‍ത്താലിനിടെ ചിറയ്ക്കല്‍ പഞ്ചായത്ത് ഓഫീസിനു നേരെ കല്ലേറുണ്ടാവുകയും സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്.
Discussion about this post