ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധി ഔദ്യോഗികമായി ചുമതലയേറ്റു. ബുധനാഴ്ച വൈകുന്നേരത്തോടെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയാണ് പ്രിയങ്കാ ഗാന്ധി ചുമതലയേറ്റത്. കിഴക്കന്‍ യുപിയുടെ ചുമതലയാണ് പ്രിയങ്ക ഗാന്ധിക്കുള്ളത്.
എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ നിന്നാണ് പ്രിയങ്ക കോണ്‍ഗ്രസ് ആസ്ഥാനത്ത് എത്തി ഔദ്യോഗിക ചുമതലകള്‍ ഏറ്റെടുത്തത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആരവങ്ങള്‍ ഏറ്റുവാങ്ങിയാണ് പ്രിയങ്ക ഓഫീസില്‍ പ്രവേശിച്ചത്. ഇതേതുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രവര്‍ത്തകരുമായി പ്രിയങ്ക കൂടിക്കാഴ്ച്ച നടത്തി.
ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്കെതിരായ നടപടി രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കലെന്ന് ചുമതലയേറ്റെടുത്ത ശേഷം പ്രിയങ്ക പ്രതികരിച്ചു. കേന്ദ്രസര്‍ക്കാര്‍ വദ്രയെ വേട്ടയാടാന്‍ ശ്രമിക്കുകയാണ്. റോബര്‍ട്ട് വദ്രയ്ക്കൊപ്പം താന്‍ ഉറച്ചു നില്‍ക്കുമെന്നും പ്രിയങ്ക പറഞ്ഞു.
കോണ്‍ഗ്രസ് ആസ്ഥാനത്ത് പുതിയ മുറിയാണ് പ്രിയങ്ക ഗാന്ധിക്ക് നല്‍കിയിരിക്കുന്നത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ രാഹുല്‍ ഗാന്ധി ഉപയോഗിച്ച മുറിയാണ് ഇത്. വിദേശ യാത്രയ്ക്കുശേഷം തിങ്കളാഴ്ച തിരികെ എത്തിയ പ്രിയങ്കാ ഗാന്ധിയുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയതിനുശേഷമാണ് പുതിയ മുറി തയാറാക്കിയത്.
പ്രിയങ്ക ഈ ആഴ്ച്ചയില്‍ തന്നെ യുപിയില്‍ എത്തുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. അതേസമയം, ശനിയാഴ്ച നടക്കുന്ന പിസിസി അധ്യക്ഷന്മാരുടെയും മുഖ്യമന്ത്രിമാരുടെയും യോഗത്തില്‍ പ്രിയങ്ക ഗാന്ധിയും പങ്കെടുത്തേക്കും.
Discussion about this post