മോട്ടിവേഷണല്‍ ക്വോട്ടുകള്‍ വായിച്ച് മാനസിക നില തകരാറില്‍ ആകുമെന്ന് ആരും പെട്ടെന്ന് വിശ്വസിക്കില്ല. പലതും ചെയ്യാന്‍ ഈ ചെറു സൂക്തങ്ങള്‍ നമ്മെ പ്രചോദിപ്പിക്കുകയല്ലേ എന്നൊക്കെ തോന്നാം. എങ്കിലും ലക്ഷ്യങ്ങള്‍ കീഴടക്കാന്‍ നമ്മോട് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിയ്ക്കുന്ന ഉദ്ധരണികളില്‍ നിന്ന് കുറച്ചൊന്ന് വഴിമാറി നടക്കാനാണ് പ്രമുഖ മനഃശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിക്കുന്നത്. ഇത്തരം ഉദ്ധരണികളില്‍ അമിതമായി വിശ്വസിക്കുന്നതും അതിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതും ബേണ്ഔട് പോലുള്ള അവസ്ഥകളില്‍ വരെ നിങ്ങളെ കൊണ്ടെത്തിക്കമത്രേ..!
എന്തെങ്കിലും ജോലി ചെയ്യുന്നതിന് മുന്‍പ് വല്ലാത്ത ആകാംഷയും ഭയവും തോന്നുക തുടങ്ങിയവയൊക്കെയാണ് ഈ അവസ്ഥയുടെ പ്രാഥമിക ലക്ഷണങ്ങള്‍. എന്നാണ് സൈക്കോളജി ടുഡേ മാഗസിനില്‍ സ്റ്റെഫനി മോര്‍ട്ടന്‍ സര്‍കിസ് എന്ന മനഃശാസ്ത്രജ്ഞയാണ് ഇന്‍സ്പിരേഷണല്‍ കോട്ടുകളെക്കുറിച്ചുള്ള തന്റെ ആധികാരിക നിരീക്ഷണങ്ങള്‍ പങ്കുവെക്കുന്നത്. ആവശ്യത്തിലധികം പ്രചോദനം ലഭിക്കുന്നതോടെ ഇതിനനുസരിച്ചൊന്നും വളരെ പെട്ടെന്ന് ഉയരാനാകുന്നില്ലല്ലോ എന്നത് നിങ്ങളെ വളരെപ്പെട്ടെന്നു തന്നെ നിരാശപ്പെടുത്തും എന്നാണ് മനഃശാസ്ത്രജ്ഞര്‍ പറയുന്നത്.
മറ്റ് ജോലികള്‍ ചെയ്യുന്നവരേക്കാള്‍ അധ്യാപകരെയും ഡോക്ടറുമാരെയുമൊക്കെയാണ് ഇത് വളരെപ്പെട്ടെന്നു നിരാശപ്പെടുത്തുന്നത്. എന്റെ ജീവിതം ഇങ്ങനെ ആയിപ്പോയല്ലോ, ഇങ്ങനെ ആയിരുന്നില്ലല്ലോ ഞാന്‍ ജീവിക്കേണ്ടത് മുതലായ ചിന്തകള്‍ ഇന്‍സ്പിറേഷണല്‍ കോട്ടുകളില്‍ അഭിരമിക്കുന്നവരില്‍ വളരെ പെട്ടെന്ന് ഉണ്ടാകാനിടയുണ്ട്.
ക്ഷീണിതരാണെങ്കില്‍ പോലും തളരരുത് നമ്മുടെ ലക്ഷ്യം കാണുന്നത് വരെ മുന്നോട്ട് തന്നെ എന്ന് പറയുന്ന ചില സൂക്തങ്ങള്‍ ഉദാഹരണമായി എടുത്തുപറഞ്ഞാണ് ഈ മനഃശാസ്ത്രജ്ഞ മോട്ടിവേഷണല്‍ കൊട്ടുകളുടെ അപകടത്തെക്കുറിച്ച് സൂചിപ്പിക്കുന്നത്.
ജോലിയിലും ബന്ധങ്ങളിലും കുടുംബങ്ങളിലും എത്തിപ്പിടിക്കേണ്ടുന്ന ചില ലക്ഷ്യങ്ങളും കടക്കേണ്ട ചില പടികളും ഉണ്ടെന്ന തരത്തിലാണ് ഇത്തരം മോട്ടിവേഷണല്‍ ചിന്തകര്‍ കാര്യങ്ങളെ കാണുന്നത്. മനസ്സ് വിചാരിക്കുന്നതിനേക്കാള്‍ അധികം സങ്കീര്‍ണ്ണമാണ്.
നിങ്ങളുടെ പരമാവധി ഊര്‍ജം ഉപയോഗിക്കുക എന്നത് ഈ മോട്ടിവേഷന്‍ ഉദ്ധരണികളിലെ ഭാഷയാണ്. എല്ലാ സമയത്തും പരമാവധി ഊര്‍ജം ഉപയോഗിക്കേണ്ടതില്ല എന്നാണ് മനഃശാസ്ത്രജ്ഞര്‍ പറയുന്നത്. വല്ലപ്പോഴുമൊക്കെ മടിപിടിക്കാം, എല്ലാനേരവും ലക്ഷ്യങ്ങളെ കുറിച്ച് മാത്രം ചിന്തിക്കാതെ കുറച്ച അധിക സമയം ഉറങ്ങാം. ഇതൊന്നും ചെയ്തില്ലെങ്കിലാണ് ചെറിയ കാര്യങ്ങള്‍ പോലും താങ്ങാനാകാതെ നിങ്ങളുടെ മനസ്സ് ഒരു പ്രഷര്‍ കുക്കര്‍ പോലെ പൊട്ടിത്തെറിച്ച് പോകുന്നത്.
അസാധാരണ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതും അതിനായി കഠിനാധ്വാനം ചെയ്യുന്നതും ഒക്കെ മികച്ച കാര്യമാണ് തന്നെ. മനസ്സിന്റെ താളം തെറ്റിച്ചു കൊണ്ടുള്ള ഒരു സമ്മര്‍ദ്ദങ്ങളിലും പെട്ടു പോകരുതെന്നാണ് ഈ മനഃശാസ്ത്രജ്ഞര്‍ ഉപദേശിക്കുന്നത്. മനസ്സിനെ നിങ്ങള്‍ ഇങ്ങനെ കഷ്ടപ്പെടുത്തരുതേ എന്നാണ് ഇവര്‍ ലോകത്തോട് അഭ്യര്‍ത്ഥിക്കുന്നത്.
Discussion about this post