പ്രതിദിന കോവിഡ് കേസുകള്‍ കൂടി : പത്ത് ദിവസം മുമ്പ് പിന്‍വലിച്ച മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി ഇസ്രയേല്‍

Israel | Bignewslive

ജറുസലേം : പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ തുടങ്ങിയതോടെ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി ഇസ്രയേല്‍. ഈ മാസമാദ്യം 36 കേസുകള്‍ മാത്രം രേഖപ്പെടുത്തിയ ഇസ്രയേലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നൂറിന് മുകളില്‍ കേസുകള്‍ സ്ഥിരീകരിച്ചതോടെയാണ് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.ഡെല്‍റ്റ വേരിയന്റാണ് മിക്ക കേസുകളിലും കണ്ടെത്തിയിരിക്കുന്നത്.

പത്ത് ദിവസം മുമ്പാണ് രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും രോഗം വ്യാപിക്കാനാരംഭിച്ചതോടെ നിയന്ത്രണങ്ങള്‍ വീണ്ടുമേര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.കോവിഡ് നിയന്ത്രണങ്ങളില്‍ ഇസ്രയേല്‍ ഏറ്റവും അവസാനം പിന്‍വലിച്ചവയായിരുന്നു മാസ്‌കുകള്‍.

കേസുകള്‍ വര്‍ധിച്ചതോടെ ബിന്യാമിന എന്ന ടൗണ്‍ റെഡ് സോണായി രേഖപ്പെടുത്തി. മാസങ്ങള്‍ക്ക് ശേഷമാണ് രാജ്യത്ത് റെഡ് സോണ്‍ രേഖപ്പെടുത്തുന്നത് തന്നെ.വാക്‌സിന്‍ സ്വീകരിച്ച ടൂറിസ്റ്റുകള്‍ക്കായി രാജ്യം തുറന്ന് കൊടുക്കും എന്ന തീരുമാനവും ഇതോടെ ഇസ്രയേല്‍ നീട്ടി. 2019ലെ ആദ്യ തരംഗത്തില്‍ കോവിഡ് ഏറ്റവും ഭീകരമായി ബാധിച്ച രാജ്യങ്ങളിലൊന്നാണ് ഇസ്രയേല്‍.

ആഴ്ചയില്‍ അറുപതിനായിരത്തിന് മുകളിലായിരുന്നു 2020 ജനുവരിയോടെ ഇസ്രയേലിലെ കോവിഡ് നിരക്ക്.ഇതുവരെ 6,400 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മൂന്ന് തവണ രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി.കോവിഡിനെ ഏറ്റവും മികച്ച രീതിയില്‍ കൈകാര്യം ചെയ്ത രാജ്യങ്ങളിലൊന്നായ ഇസ്രയേല്‍ ഭൂരിഭാഗം ജനങ്ങള്‍ക്കും വാക്‌സിനേഷനും നടത്തിയിരുന്നു. വാക്‌സിനേഷന്‍ ആരംഭിച്ചതോടെ കോവിഡ് കേസുകളില്‍ പ്രകടമായ കുറവുണ്ടായിരുന്നു.

Exit mobile version