തെളിവുകളില്ലാത്ത കാര്യത്തില്‍ ഉറപ്പ് പറയാന്‍ കഴിയുന്നതെങ്ങനെ ? കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിന്ന് ചോര്‍ന്നതല്ലെന്ന വാദത്തിലുറച്ച് ചൈനീസ് ശാസ്ത്രജ്ഞ

Shi Zenghli | Bignewslive

വാഷിംഗ്ടണ്‍ : കോവിഡ് മഹാമാരിക്ക് കാരണമായ സാര്‍സ് കോവ് 2 വൈറസ് വുഹാനിലെ ലാബില്‍ ചോര്‍ന്നതാണെന്ന സിദ്ധാന്തം തള്ളി ചൈനീസ് ശാസ്ത്രജ്ഞ. വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.ഷി ഷെംഗ്ലിയാണ് വൈറസ് ലാബില്‍ നിന്ന് ചോര്‍ന്നതല്ലെന്ന വാദവുമായി എത്തിയിരിക്കുന്നത്.

ഈ മഹാവിപത്തിന്റെ പഴി തന്റെ സ്ഥാപനത്തിന് മേല്‍ കെട്ടിവയ്ക്കരുതെന്നാണ് രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞത്.യാതൊരു തെളിവുകളും ഇല്ലാത്ത ഒരു സംഭവത്തിന് എങ്ങനെ തെളിവുകള്‍ നല്‍കാനാണെന്നും നിരപരാധികളായ ശാസ്ത്രജ്ഞര്‍ക്കു മേല്‍ പഴിചാരുന്ന ഇത്തരത്തില്‍ ഒരു നിഗമനത്തിലേക്ക് ലോകം എങ്ങനെയാണ് എത്തിയതെന്ന് അറിയില്ലെന്നും ഷി കൂട്ടിച്ചേര്‍ത്തു.ബാറ്റ് വുമണ്‍ എന്നറിയപ്പെടുന്ന ഇവര്‍ വവ്വാലുകളിലെ കൊറോണ വൈറസുമായിബന്ധപ്പെട്ട പഠനങ്ങളില്‍ വിദഗ്ധയാണ്.

വൈറസ് പോലുള്ള സൂഷ്മ ജീവികളില്‍ ജനിതകമാറ്റം വരുത്തി അവയുടെ വ്യാപനശേഷിയും പ്രതിരോധശക്തിയും മറ്റൊരു ജീവിയില്‍ അതിജീവിക്കാനുള്ള കഴിവുമൊക്കെ പഠനവിധേയമാക്കുന്ന ഗെയ്ന്‍ ഓഫ് ഫംഗ്ഷന്‍ എന്ന ഗവേഷണ രീതിയില്‍ വിദഗ്ധയാണിവരെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. കോവിഡ് മഹാമാരിയുടെ ഉറവിടം എവിടെ നിന്നാണെന്ന് അന്വേഷിക്കണമെന്നും അല്ലെങ്കില്‍ അത് ലോകത്ത് വന്‍ വിപത്ത് വരുത്തി വെയ്ക്കുമെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശം നല്‍കിയിരുന്നു.

ഇതില്‍ ലാബ് ലീക്ക് സിദ്ധാന്തവും അന്വേഷണവിധേയമാക്കണമെന്ന് പറഞ്ഞിരുന്നു. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ തന്നെ ലാബ് ചോര്‍ച്ചയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടായിരുന്നെങ്കിലും അതൊരു ഗൂഢാലോചന സിദ്ധാന്തമായി തള്ളിക്കളഞ്ഞിരുന്നു. മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആയിരുന്നു ഈ സിദ്ധാന്തത്തില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന പ്രമുഖരിലൊരാള്‍.

എന്നാലീ വാദം ശരിവയ്ക്കുന്ന തരത്തില്‍, കോവിഡ് വ്യാപനത്തിന് ആഴ്ചകള്‍ക്ക് മാത്രം മുമ്പ് വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതിന്റെ തെളിവുകള്‍ യുഎസ് രഹസ്യാന്വേഷണ ഏജന്‍സി ഈ വര്‍ഷം ആദ്യം പുറത്തുവിട്ടിരുന്നു. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതില്‍പ്പിന്നെയാണ് കോവിഡ് വ്യാപനത്തിന് പിന്നില്‍ ചൈനയാണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായത്.

ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം 2017ല്‍ ഷിയും സഹപ്രവര്‍ത്തകരും വുഹാന്‍ ലാബില്‍ വവ്വാലുകളില്‍ സാധാരണയായി കാണപ്പെടുന്ന കൊറോണ വൈറസുകളില്‍ ജനിതകമാറ്റം നടത്തി പരീക്ഷിച്ചിരുന്നു. ഇവയില്‍ ഒരെണ്ണമെങ്കിലും മനുഷ്യരിലേക്ക് പടര്‍ന്ന് കോശങ്ങളിലെത്തി വിഭജിക്കാന്‍ തക്ക ശേഷിയുള്ളതാണെന്നും പഠനത്തില്‍ പറഞ്ഞിരുന്നു.എന്നാല്‍ ഈ രീതിയിലുള്ള പഠനമല്ല നടന്നതെന്നും ഗെയ്ന്‍ ഓഫ് ഫംഗ്ഷന്‍ പരീക്ഷണങ്ങളൊന്നും നടത്തിയിട്ടില്ലെന്നുമാണ് ഷി ഇപ്പോള്‍ അവകാശപ്പെടുന്നത്.

Exit mobile version