മഴവില്ലഴകില്‍ സമ്പൂര്‍ണ ആധിപത്യം! കോസ്റ്ററിക്കയെ സെവന്‍അപ്പ് കുടിപ്പിച്ച് സ്‌പെയിന്‍; പന്ത് തൊടാനാകാതെ എതിരാളികള്‍

ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ആരംഭ ഘട്ടത്തില്‍ തന്നെ വിസ്മയം തീര്‍ക്കുന്നത് തുടരുന്നു. ഏഴഴകില്‍ വിജയം കരസ്ഥമാക്കിയആണ് മുന്‍ചാംപ്യന്മാരായ സ്‌പെയിന്‍ കളി ആരംഭിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഇ-യിലെ രണ്ടാമത്തെ മത്സരത്തില്‍ കോസ്റ്റാറിക്കയെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് സ്‌പെയിന്‍ പരാജയപ്പെടുത്തി.

അല്‍ തുമാമ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലായിരുന്നു ഏകപക്ഷീയമായ സ്‌പെയിന്‍ കുതിപ്പ്. എതിരാലികള്‍ക്ക് പന്ത് തൊടാനുള്ള അവസരം പോലും കൊടുക്കാതെയായിരുന്നു സ്‌പെയിനിന്റെ മുന്നേറ്റം. 82 ശതമാനവും പന്ത് കൈവശം വെച്ച സ്‌പെയിനിന്റെ പക്കല്‍ നിന്നും പന്ത് തട്ടിയെടുത്ത് സ്‌പെയിന്‍ വല ലക്ഷ്യമാക്കി ഒരു ഷോട്ടുതിര്‍ക്കാന്‍ പോലും കോസ്റ്ററിക്കയ്ക്കായില്ല. പക്ഷെ 17 ഷോട്ടുകളാണ് സ്‌പെയിന്‍ കോസ്റ്റാറിക്കയ്ക്ക് നേരെ തൊടുത്തത്.

സ്‌പെയിനിന്റെ സ്ഥിരം ശൈലിയൊന്നും മാറ്റി നിര്‍ത്താതെ അതിവേഗ മുന്നേറ്റങ്ങളിലൂടെയും പാസിങ്ങിലൂടെയുമാണ് സ്പാനിഷ് താരങ്ങള്‍ എതിരാളികളെ കബളിപ്പിച്ച് ഓരോ ഗോളും നേടിയത്. കോസ്റ്ററിക്കയ്ക്ക് പലപ്പോഴും സ്‌പെയിന്‍ താരങ്ങളുടെ അതിവേഗ പാസിനൊപ്പം കണ്ണെത്തിക്കാന്‍ പോലുമായില്ല.

സ്‌പെയിനിന് വേണ്ടി ആറുപേര്‍ ചേര്‍ന്നാണ് ഏഴ് ഗോള്‍ നേടിയത്. ഫെറാന്‍ ടോറസ് ഇരട്ട ഗോള്‍ നേടി. ഡാനി ഓല്‍മോ, മാര്‍കോ അസന്‍സിയോ, ഗാവി, കാര്‍ലോസ് സോളര്‍, അല്‍വാരോ മൊറാട്ട എന്നിര്‍ ചേര്‍ന്നാണ് കോസ്റ്ററിക്കയുടെ വല നിറച്ചത്.

ALSO READ- സമുറായ് അട്ടിമറി; ഞെട്ടിച്ച് ജപ്പാന്‍; നാല് തവണ ചാംപ്യന്മാരായ ജര്‍മ്മനിയെ വീഴ്ത്തി

പതിനൊന്നാം മിനിറ്റില്‍ ഡാനി ഒല്‍മോ ആരംഭിച്ച ഗോള്‍ വേട്ട, മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ഇഞ്ചുറി ടൈമില്‍ അല്‍വാരോ മൊറാട്ടയിലാണ് അവസാനിച്ചത്. 21ാം മിനിറ്റില്‍ മാര്‍കോ അസന്‍സിയോയുടെ വകയായിരുന്നു രണ്ടാം ഗോള്‍. 31ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഫെറാന്‍ ടോറസ് മൂന്നാം ഗോള്‍ നേടി.

രണ്ടാം പകുതിയിലായിരുന്നു ബാക്കി ഗോളുകള്‍ പിറന്നത്. 54ാം മിനിറ്റില്‍ ടോറസ് രണ്ടാം ഗോള്‍ നേടി വിസ്മയിപ്പിച്ചു. 74ാം മിനിറ്റില്‍ ഗാവി അഞ്ചാം ഗോളും 90ാം മിനിറ്റില്‍ കാര്‍ലോസ് സോളര്‍ ആറാം ഗോളും നേടുകയായിരുന്നു.

Exit mobile version