മഞ്ഞപ്പടയുടെ രോഷം അടങ്ങുന്നില്ല : വീണ്ടും മാപ്പപേക്ഷിച്ച് ജിങ്കന്‍, വീഡിയോ

പനജി : ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള മത്സരശേഷം നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ മോഹന്‍ ബഗാന്‍ താരം ജിങ്കന്‍ വീണ്ടും മാപ്പപേക്ഷിച്ച് രംഗത്ത്. വിവാദത്തിന്റെ പേരില്‍ തന്റെ ഭാര്യ ഉള്‍പ്പടെയുള്ളവരെ ശിക്ഷിക്കരുതെന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ജിങ്കന്‍ ആവശ്യപ്പെട്ടു.

“എന്റെ ഭാഗത്ത് നിന്ന് സംഭവിച്ച പിഴവിന്റെ പേരില്‍ കുടുംബാംഗങ്ങളുടെ നേര്‍ക്കും കടുത്ത പ്രതിഷേധമാണ് ഉണ്ടാകുന്നത്. എല്ലാവര്‍ക്കും എന്നോട് ദേഷ്യമുണ്ടെന്ന് അറിയാം. പക്ഷേ എന്റെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നതും വംശീയമായി അധിക്ഷേപിക്കുന്നതും അംഗീകരിക്കാനാകില്ല. ദയവായി അങ്ങനെ ചെയ്യരുത്. ഒരിക്കല്‍ കൂടി എന്റെ വാക്കുകള്‍ക്ക് മാപ്പ് ചോദിക്കുന്നു. ഇനി ഇത് ആവര്‍ത്തിക്കില്ല. നന്ദി.” ജിങ്കന്‍ പറഞ്ഞു.

ബ്ലാസ്റ്റേഴ്‌സിനെതിരായി സമനിലയില്‍ അവസാനിച്ച മത്സരത്തിന് ശേഷം മടങ്ങുമ്പോള്‍ ഞങ്ങള്‍ പെണ്ണുങ്ങള്‍ക്കൊപ്പമാണ് കളിച്ചതെന്ന ജിങ്കന്റെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. ഇതോടെ സ്ത്രീകളെയും ബ്ലാസ്‌റ്റേഴ്‌സ് ടീമിനെയും അവഹേളിച്ചതിന് കടുത്ത പ്രതിഷേധമുയര്‍ന്നു. മോഹന്‍ ഭഗാന്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ വീഡിയോ പങ്ക് വച്ചതും ആരാധകരെ ഏറെ ചൊടിപ്പിച്ചു. തികച്ചും അണ്‍പ്രൊഫഷണലായ പെരുമാറ്റമെന്നാണ് ഭൂരിഭാഗം ആളുകളും പ്രതിഷേധിച്ചത്. സമൂഹമാധ്യമങ്ങളില്‍ ജിങ്കനെതിരെ വലിയ രീതിയില്‍ മഞ്ഞപ്പട പ്രതിഷേധം രേഖപ്പെടുത്തിയതോടെ ട്വിറ്ററിലൂടെ ജിങ്കന്‍ മാപ്പ് പറഞ്ഞെങ്കിലും ആരാധകരുടെ രോഷം അടങ്ങാതെ വന്നതോടെയാണ് വീഡിയോയുമായി നേരിട്ട് രംഗത്തെത്തിയത്.

പ്രതിഷേധത്തിന്റെ ഭാഗമായി, താരത്തിനോടുള്ള ബഹുമാനാര്‍ഥം പിന്‍വലിച്ച 21ാം നമ്പര്‍ ജഴ്‌സി തിരികെക്കൊണ്ടു വരുന്നതിന് #bringback21 എന്ന ഹാഷ്ടാഗില്‍ ക്യാംപെയിനും ട്വിറ്ററില്‍ സജീവമായിരുന്നു. ജിങ്കന്റെ സമൂഹമാധ്യമ അക്കൗണ്ടുകള്‍ അണ്‍ഫോളോ ചെയ്തും ഒരു വിഭാഗം ആളുകള്‍ പ്രതിഷേധിച്ചു. ഇതിനിടെ ജിങ്കന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും അപ്രത്യക്ഷമായി. സ്ത്രീകളെ വില കുറച്ച് കാണുന്നത് ശരിയായ മാനസിക നിലപാടല്ലെന്നും അടുത്ത സീസണില്‍ മൈതാനങ്ങള്‍ തുറന്നാല്‍ താരം ഇന്ത്യയില്‍ തന്നെ ഉണ്ടെങ്കില്‍ മറുപടി നേരിട്ട് കൊച്ചി സ്റ്റേഡിയത്തില്‍ വെച്ച് നല്‍കുമെന്നും ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ കമന്റ് ചെയ്തിരുന്നു.

Exit mobile version