മാനേജുമെന്റ് തപസ്സു ചെയ്താല്‍ പോലും ഞങ്ങളെ പിളര്‍ത്താന്‍ ആവില്ല യു എന്‍ എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷ

എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ : ജാസ്മിന്‍ഷ / ഷെമീര്‍ പുതുശ്ശേരില്‍ നേഴ്‌സിങ് സംഘടന തകര്‍ക്കാനും നേതാക്കളെ അടര്‍ത്തിയെടുക്കാനും മാനേജുമെന്റ് അസോസിയേഷന്‍ കഴിഞ്ഞ ദിവസം തീരുമാനം എടുത്ത സാഹചര്യത്തില്‍ ബിഗ് ന്യൂസ് ന്യൂസ് എഡിറ്റര്‍ ഷെമീര്‍ പുതുശ്ശേരിയില്‍, നേഴ്‌സിങ് മേഖലയിലെ ഏറ്റവും പ്രധാന സംഘടന ആയ യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷായുമായി നടത്തിയ എക്‌സ്‌ക്ലൂസീവ് ഇന്റര്‍വ്യൂ.
നേഴ്‌സിങ് സംഘടന ഏതു വിധേനയും തകര്‍ക്കാന്‍ മാനേജുമെന്റ് അസോസിയേഷന്‍ തീരുമാനിച്ചിരിക്കുകയാണല്ലോ, യുഎന്‍എ ഭയക്കുന്നുണ്ടോ ഈ തീരുമാനത്തെ?
കഴിഞ്ഞ 6 വര്‍ഷം ആയി ഒറ്റക്കും കൂട്ടായും അവര്‍ ശ്രമിക്കുന്ന കാര്യം ആണ്. പണം നല്‍കി സ്വാധീനിക്കാന്‍ കഴിയുന്ന ഒരു നേഴ്‌സ് പോലും ഉണ്ടാവുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. പിന്നെ എന്തിനാണ് ഞങ്ങള്‍ ഭയക്കുന്നത്? നേഴ്‌സിങ് സമൂഹത്തിന്റെ ഉയിരാണ് ഞങ്ങളുടെ സംഘടന. സ്വയം ആരെങ്കിലും ഒറ്റു കൊടുക്കുമോ? മനുഷ്യ സ്‌നേഹത്തിന്റെ ഉദാത്തമായ പ്രതിരൂപമാണ് ഓരോ നേഴ്‌സും. ആ കമ്മിറ്റ്‌മെന്റിന്റെ ആഴം മനസ്സിലാക്കാന്‍ മാനേജുമെന്റുകള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല എന്ന് വേണം ഇതില്‍ നിന്ന് മനസ്സിലാക്കാന്‍.
മാനേജുമെന്റുമായി എന്തിനാണ് എന്നും ഈ സംഘര്‍ഷം? സമാധാനപരമായി കൊണ്ട് പോകാന്‍ എന്ത് കൊണ്ടാണ് യുഎന്‍എ മുന്‍കൈ എടുക്കാത്തത്?
ഞങ്ങള്‍ ഒരിക്കലും സംഘര്‍ഷം ആഗ്രഹിക്കാറില്ല. മുട്ടുമടക്കാറില്ല എന്നത് സമാധാനം ആഗ്രഹിക്കാതെ അല്ല . എങ്ങനെ ആണ് ഈ സമാധാനം സാധ്യമാവുക? ഒരു നേഴ്‌സിനോട് ,അല്ലെങ്കില്‍ ഒരുപാട് നേഴ്‌സുമാരോട് മാനേജുമെന്റിന്റെ ഭാഗത്തു നിന്ന് ഒരു അനീതി ഉണ്ടാവുമ്പോള്‍ മാത്രമാണ് സമരം ഉണ്ടാവുന്നത്. അതും നോട്ടീസും പല തലങ്ങളില്‍ ഉള്ള ചര്‍ച്ചകളും മധ്യസ്ഥകളും പരാജയപ്പെടുമ്പോള്‍ മാത്രം. മനപ്പൂര്‍വ്വം പ്രശ്‌നം ഉണ്ടാക്കാന്‍ ആയി ചിലര്‍ വരുമ്പോള്‍ മാത്രമാണ് സംഘര്‍ഷങ്ങള്‍ ഉണ്ടാവുന്നത്. മദം പൊട്ടിയ ഒരാന നമ്മുടെ നേരെ ഓടി വരുമ്പോള്‍ വേദം ഓതിയിട്ട് കാര്യമുണ്ട് എന്ന് ഞങ്ങള്‍ കരുതുന്നില്ല. പതിറ്റാണ്ടുകളോളം ഞങ്ങളുടെ മുന്‍ തലമുറകള്‍ മാനേജുമെന്റിന്റെ ആട്ടും തുപ്പും പീഡനങ്ങളും അനുഭവിച്ചിട്ടുണ്ട്. ഇനി അത് സാധ്യമല്ല.
ഒരു തരത്തിലും ഈ മേഖലയില്‍ സംഘര്‍ഷങ്ങള്‍ ഒഴിവാവില്ല എന്നാണോ യുഎന്‍എ പറയുന്നത്?
ഒരിക്കലുമല്ല .ഞങ്ങളുമായി വളരെ സ്‌നേഹത്തിലും സൗഹൃദത്തിലും മുന്നോട്ട് പോകുന്ന ഒരുപാട് ആശുപത്രികള്‍ ഉണ്ട്. 'നേഴ്‌സിങ് സൗഹൃദ ആശുപത്രികള്‍ ' എന്ന ടൈറ്റിലില്‍ തന്നെ പല പ്രധാന ആശുപത്രികളും ഉണ്ട് .തൃശൂര്‍ ദയ ' അതിനു ഒരു ഉദാഹരണം മാത്രമാണ്. ഞങ്ങളെ മനുഷ്യന്മാരായി അംഗീകരിക്കാനും എടുക്കുന്ന ജോലിക്ക് മാന്യമായ, കാലാനുസൃതമായ കൂലിയും തരാനാവില്ല എന്നത് ചിലര്‍ക്ക് ഒരു പ്രത്യേക മാനസികാവസ്ഥ കൂടിയാണ്. ജന്മിയും കുടിയാനും പോലെയാണത്. പഴയ തമ്പുരാക്കന്മാരുടെ മനസ്സ് സൂക്ഷിക്കുന്നവരാണ് പല ആശുപത്രി മാനേജുമെന്റുകളും.
പല ആശുപത്രികളിലും നിങ്ങള്‍ക്കെതിരെ മാനേജുമെന്റിന്റെ ഭാഗത്തു നിന്ന് കൊണ്ട് മറ്റു ആശുപത്രി ജീവനക്കാര്‍ ഇറങ്ങുന്നത് എന്ത് കൊണ്ടാണ്?
പണ്ട് ബ്രിട്ടീഷുകാര്‍ നമ്മുടെ ഇന്ത്യക്കാരെ അവരുടെ പട്ടാളത്തില്‍ എടുത്ത് നമ്മളെ കൊന്നൊടുക്കാന്‍ ഉപയോഗിച്ചത് പോലെ ആണ് അവര്‍ ആശുപത്രികളിലെ മറ്റു ജീവനക്കാരെ പലപ്പോഴും ഞങ്ങള്‍ക്കെതിരെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. എല്ലാ കാലത്തും എല്ലായിടത്തും അത് സാധ്യമല്ല. പലപ്പോഴും ആശുപത്രി ജീവനക്കാര്‍ അവരുടെ മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിക്കാന്‍ ഞങ്ങളോട് ആവശ്യപ്പെടാറുണ്ട്. അത് ഇതര തൊഴിലാളി സംഘടനകളുമായുള്ള ആരോഗ്യകരമായ ബന്ധത്തെ ബാധിക്കും എന്നത് കൊണ്ടാണ് ഞങ്ങള്‍ അതില്‍ നിന്ന് പിന്മാറി നില്‍ക്കുന്നത്. തൊഴിലാളി ഐക്യത്തിനു ഞങ്ങള്‍ എന്നും വലിയ പ്രാധാന്യം കൊടുക്കാറുണ്ട്.
എങ്ങനെ ആണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയിടേയും പിന്‍ബലമില്ലാതെ നിങ്ങള്‍ക്ക് നില്‍ക്കാന്‍ കഴിയുന്നത്? അങ്ങനെ ഒരുപാട് കാലം പിടിച്ചു നില്‍ക്കാന്‍ സാധിക്കും എന്ന് കരുതുന്നുണ്ടോ? അധികാരവും ഭരണവും എല്ലാം ഉപയോഗിച്ച് കൊണ്ട് നിങ്ങളെ തകര്‍ക്കാനുള്ള ശ്രമം ഉണ്ടാവും എന്ന് പേടിക്കുന്നില്ലേ?
ഞങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്‍ബലം ഇല്ല എന്ന് തീര്‍ത്തു പറയാന്‍ ആവില്ല. അത് ഒരെറ്റ രാഷ്ട്രീയ പാര്‍ട്ടിയുടേതല്ല എന്ന് മാത്രം. ഞങ്ങള്‍ വെക്കുന്ന മുദ്രാവാക്യത്തിന്റെ ശരി കൊണ്ട് തന്നെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഞങ്ങളെ സഹായിക്കാറുണ്ട്. അത് മാറി വരുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ ഏറിയും കുറഞ്ഞും ഇരിക്കും എന്ന് മാത്രം. പേടി ഒന്നും ഞങ്ങള്‍ക്കില്ല. അതുണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ ഈ പണിക്ക് ഇറങ്ങുക ഇല്ലല്ലോ? ഞങ്ങളുടെ ശക്തി പതിനഞ്ചു ലക്ഷത്തോളം വരുന്ന നേഴ്‌സിങ് സമൂഹവും അവരുടെ കുടുംബങ്ങളും ആണ്. അത് ചെറിയ ഒരു ശക്തി അല്ലല്ലോ. കടല്‍ പോലെയാണത്. ആവശ്യമുള്ള സമയത്തു രോഷം തിളച്ചു മറിയുമ്പോള്‍ കടലിരമ്പി വരുന്നത് പോലെ അത് വരും.
പതിനഞ്ചു ലക്ഷം എന്നത് ഒരു അതിശയോക്തി ഉള്ള നമ്പര്‍ അല്ലെ? അത്രക്ക് പെരുപ്പിച്ചു കാണിക്കാമോ?
പതിനഞ്ചു ലക്ഷം എന്നത് പെരുപ്പിച്ചു കാണിച്ചതല്ല. വേണമെങ്കില്‍ കുറച്ചു കാണിച്ചതാണെന്നു പറയാം. നിങ്ങള്‍ കേരളത്തില്‍ മാത്രമുള്ള നേഴ്‌സുമാരുടെ എണ്ണം എടുക്കരുത്. ഇന്ത്യയുടെ ഏത് സംസ്ഥാനങ്ങളിലും ഭൂരിപക്ഷം നേഴ്‌സുമാരും മലയാളികള്‍ ആണ്. ഏതാണ്ട് വിദേശ രാജ്യങ്ങളില്‍ എല്ലാം മലയാളി നേഴ്‌സിങ് സമൂഹത്തിന്റെ ശക്തമായ സാന്നിദ്ധ്യം ഉണ്ട്. മധ്യ കേരളവും തെക്കന്‍ കേരളവും നേഴ്‌സുമാരില്ലാത്ത കുടുംബം കുറവാണ്. മധ്യ തിരുവിതാം കൂറില്‍ ഒരു വീട്ടില്‍ ഉള്ള നാലും അഞ്ചും അംഗങ്ങളില്‍ മുഴുവന്‍ പേരും നേഴ്‌സുമാര്‍ ആയിട്ടുള്ള എത്രയോ വീടുകള്‍ കാണാം . ആദ്യ കാലങ്ങളില്‍ ക്രിസ്ത്യന്‍ മതങ്ങളില്‍ ഉള്ളവര്‍ മാത്രം ആയിരുന്നു നേഴ്‌സിങ് പ്രൊഫഷന്‍ എടുത്തിരുന്നെങ്കില്‍ ഇപ്പോള്‍ സ്ഥിതി മാറിയിട്ടുണ്ട്. എല്ലാതരം ജന വിഭാഗങ്ങളില്‍ നിന്നും എല്ലാ ജില്ലകളില്‍ നിന്നും അഭിമാനത്തോടെ ഈ ജോലി തിരഞ്ഞെടുക്കുന്നുണ്ട്.
സംഘടന ശക്തമായപ്പോള്‍ ആരോപണങ്ങള്‍ക്കും കുറവില്ലല്ലോ. സംഘടന വ്യാപകമായി പിരിക്കുക ആണെന്ന് പറഞ്ഞു പ്രചാരണം ഉണ്ടായിരുന്നല്ലോ?
നിങ്ങളുടെ ചോദ്യത്തില്‍ തന്നെ ഉത്തരം ഉണ്ട്. പ്രചാരണം ഉണ്ടായിരുന്നല്ലോ എന്നാണ്. അതായത് ഇപ്പൊ ഇല്ല എന്നും അതില്‍ തന്നെ ഉണ്ടല്ലോ. അത് ഇങ്ങനെ സമര കാലത്തു മുളച്ചു പൊന്തുന്നതാണ്. അത് കഴിയുമ്പോള്‍ താനേ പോകും. എല്ലാ സമര കാലഘട്ടങ്ങളിലും നേഴ്‌സുമാരുടെ ഉള്ളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും പൊതു സമൂഹത്തില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിക്കുന്ന പിന്തുണ കുറക്കാനും വേണ്ടി ഒരു വിഭാഗം ചെയ്യുന്ന വൃഥാ വ്യായാമം ആണ്. എനിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ വെച്ച് 'ആട്ടും തോലണിഞ്ഞ ചെന്നായ ' എന്നൊക്കെയുള്ള തലക്കെട്ടില്‍ മാസിക പ്രിന്റ് ചെയ്ത് പല തവണ ആശുപത്രികള്‍ക്ക് മുന്നില്‍ വിതരണം ചെയ്തിട്ടുണ്ട് ഇക്കൂട്ടര്‍. ചില ഇടങ്ങളില്‍ നേഴ്‌സുമാരുടെ കയ്യിന്റെ ചൂടും അറിഞ്ഞിട്ടുണ്ട് ഇവര്‍. ഞങ്ങള്‍ ഒരു രൂപ പോലും കാശായി പിരിക്കാറില്ല. ചെക്കായോ ബാങ്ക് ഓണ്‍ലൈന്‍ ട്രാന്‍സ് ഫര്‍ ആയോ ആണ് മെമ്പര്‍ഷിപ്പ് ഫീസും സംഭാവനയും സ്വീകരിക്കുന്നത്. ഓരോ വരവ് ചിലവ് കണക്കില്‍ കമ്മിറ്റികളില്‍ താഴെ തട്ടുമുതല്‍ ഓഡിറ്റിങ്ങിനു വിധേയമാണ്. ഇതൊക്കെ ഓരോ നേഴ്‌സിനും അറിയുന്ന കാര്യമാണ്. അത് കൊണ്ട് ഇനി അവര്‍ എന്ത് പറഞ്ഞാലും നേഴ്‌സിങ് സമൂഹത്തിനു മുന്നില്‍ വിലപ്പോവില്ല. നേഴ്‌സിങ് സമൂഹത്തിന്റെ സംഘടിത രൂപമായ യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്റെ മുന്നേറ്റം തകര്‍ക്കാന്‍ പത്തു കോടി രൂപ ശേഖരിക്കാന്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന െ്രെപവറ്റ് ആശുപത്രി മാനേജുമെന്റ് അസോസിയേഷന്റെ യോഗത്തില്‍ തീരുമാനം എടുത്തിരുന്നു. മുന്നൂറോളം ആശുപത്രികളുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ നേഴ്‌സിങ് സംഘടനയെ പിളര്‍ത്താനും,യുഎന്‍എക്ക് ബദലായി നില്‍ക്കുന്ന സംഘടനകളെ വളര്‍ത്താനും, നേഴ്‌സിങ് അനുകൂല വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ പത്രങ്ങളെ സ്വാധീനിക്കാനുമായി കേരളത്തിലെ ആയിരം ആശുപത്രികളില്‍ നിന്നായി ഓരോ ലക്ഷം രൂപ പിരിച്ചെടുക്കാന്‍ തീരുമാനമായി. ഇന്ത്യന്‍ കാത്തലിക്ക് ആശുപത്രി മാനേജുമെന്റ് അസോസിയേഷനും യോഗത്തില്‍ പങ്കെടുത്തിരുന്നു. ആശുപത്രികളില്‍ നേഴ്‌സിങ് അല്ലാത്ത മറ്റു ജീവനക്കാരെ അണി നിരത്തി വെല്‍ഫെയര്‍ അസോസിയേഷനുകള്‍ രൂപീകരിച്ചു നേഴ്‌സിങ് സംഘടനക്കെതിരെ ആശുപത്രി ജീവനക്കാരില്‍ നിന്ന് തന്നെ എതിര്‍പ്പ് ഉണ്ടാക്കണം എന്നും നേഴ്‌സിങ് സംഘടനകളുടെ നോട്ടീസുകള്‍ക്ക് മറുപടി കൊടുക്കരുത് എന്നും യോഗത്തില്‍ തീരുമാനിച്ചിരുന്നു. നേഴ്‌സിങ് സംഘടനകളുമായുള്ള ആശുപത്രികളിലെ ചര്‍ച്ചകളില്‍ മാനേജുമെന്റിന്റെ പ്രതിനിധീകരിച്ച് പരമാവധി സ്ത്രീകളെ പങ്കെടുപ്പിക്കുക, അങ്ങനെ വരുമ്പോള്‍ വാക്കേറ്റമുണ്ടാകുകയും പുരുഷ നേഴ്‌സിങ് സംഘടന നേതാക്കള്‍ അധിക്ഷേപിച്ചു എന്ന് പറഞ്ഞു സ്ത്രീ പീഡനത്തിന് കേസിനു പോകാം. ആറു മാസത്തിനും ഒരു വര്‍ഷത്തിനുമിടയില്‍ നേഴ്‌സിങ് മേഖലയിലെ പ്രധാന സംഘടന ആയ യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷനെ തകര്‍ക്കണം അതിനു വേണ്ടി ഒരു പിആര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തുക എല്ലാ ജില്ലകളിലും പ്രധാനപ്പെട്ട നേഴ്‌സിങ് നേതാക്കള്‍ക്കെതിരെ നടപടി എടുക്കണം തുടങ്ങിയ കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചു മാനേജുമെന്റ് അസീസിയെഷന്‍ മുന്നോട്ട് പോകുക ആണ്. പക്ഷെ ഇതൊന്നും നേഴ്‌സിങ് സംഘടനയുടെ ഇച്ഛാ ശക്തിയെ പിന്നോട്ട് നയിക്കുന്നില്ല. നിര്‍ഭയം ശക്തമായി അവര്‍ മുന്നോട്ട് പോവുക ആണെന്നാണ് യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ഷാ ബിഗ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അര്‍ത്ഥശങ്കക്ക് ഇടതരാതെ വ്യക്തമാക്കുന്നത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)