പ്രേതം 2 വിന് ശേഷം രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് അജു വര്‍ഗീസ്. ‘കമല’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രം ഒരു ത്രില്ലറാണെന്ന് ഫേസ്ബുക്കിലെ അനൗണ്‍സ്മെന്റ് പോസ്റ്ററില്‍ സംവിധായകന് കുറിച്ചത്. ‘ഒരു മനോഹരമായ പസില്‍, 36 മണിക്കൂറുകള്‍’ എന്നാണ് അനൗണ്‍സ്മെന്റ് പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്.
‘ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായതിന് ശേഷമാണ് നായകനായി ആരെ അഭിനയിപ്പിക്കാമെന്ന് ആലോചിച്ചതെന്നും നിലവിലുള്ള എല്ലാ നായക നടന്മാരെക്കുറിച്ചും ആലോചിച്ചെന്നും രഞ്ജിത്ത് ശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സാധാരണവും അതേസമയം വിഭിന്ന സ്വഭാവവുമുള്ള ഒരു കഥാപാത്രമാണ് ഇത്. നിലവിലുള്ള നായകന്മാരില് ആരെയും ആ കഥാപാത്രമായി സങ്കല്പ്പിക്കാന് എനിക്ക് കഴിഞ്ഞില്ല. ഈ സിനിമ മാറ്റിവെച്ച്, മറ്റ് കഥകളിലേക്ക് പോവുക എന്നത് സങ്കടകരമായിരുന്നു. ഒരു ദിവസം രാവിലെ അജു വര്‍ഗീസ് എന്റെ മനസിലേക്ക് വരികയായിരുന്നു. ഇത് അജുവിനുവേണ്ടി എഴുതപ്പെട്ട തിരക്കഥയാണെന്നും എനിക്ക് മനസിലായി’ എന്നാണ് രഞ്ജിത്ത് ഫേസ്ബുക്കില്‍ കുറിച്ചത്.
ഡ്രീംസ് ആന്റ് ബിയോണ്ട്സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ധ്യാന്‍ ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ‘ലവ് ആക്ഷന്‍ ഡ്രാമ’യാണ് അജു വര്‍ഗീസിന്റെ തീയ്യേറ്ററുകളിലെത്തുന്ന അടുത്ത ചിത്രം.
Discussion about this post