ഹൃത്വിക് റോഷന് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സൂപ്പര്‍ 30’. ചിത്രത്തില്‍ ഗണിത സശാസ്ത്രജ്ഞനായ ആനന്ദ് കുമാറിന്റെ ജീവിത കഥയാണ് പറയുന്നത്. ബിഹാറിലെ സാധാരണക്കാരായ വിദ്യാര്‍ത്ഥികളെ ഐഐടി പോലുള്ള പരീക്ഷകള്‍ക്ക് സൗജന്യമായി പരിശീലിപ്പിച്ച് മികവ് തെളിയിച്ച അധ്യാപകനാണ് ആനന്ദ് കുമാര്‍. തന്റെ ജീവിതകഥ ഇത്രയും വലിയൊരു സിനിമയാകുന്നത് വലിയൊരു അനുഭവമാണ് എന്നാണ് ആനന്ദ് കുമാര്‍ ഇന്ത്യന്‍ എക്പ്രസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.
‘ബിഹാറിനെ കുറിച്ചുള്ള ചില സിനിമകള്‍ കാരണം ഒരു നെഗറ്റീവ് ഇമേജ് ഈ സംസ്ഥാനത്തിന് ഉണ്ടായിട്ടുണ്ട്. എന്നാല്‍ സൂപ്പര്‍ 30 കാണിക്കുന്നത് അങ്ങനെയല്ല. ബിഹാറിലെ സാധാരണക്കാരായ കുടുംബങ്ങളുടെ കഠിനാദ്ധ്വാനവും സമര്‍പ്പണവുമൊക്കെയാണ്. ഞങ്ങള്‍ക്ക് അത് വലിയ സന്തോഷം പകരുന്നതാണ്’ എന്നാണ് ആനന്ദ് കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞത്. അതേ സമയം ഹൃത്വിക് റോഷനാണ് ചിത്രത്തില്‍ തന്റെ വേഷം ചെയ്യുന്നത് എന്നറിഞ്ഞ് ചില സുഹൃത്തുക്കള്‍ ഇത് ശരിയാവുമോ എന്ന് ചോദിച്ചിരുന്നു. കാരണം അദ്ദേഹത്തെ കാണാന്‍ ഒരു വിദേശിയെ പോലെയാണ്. എന്നാല്‍ മേക്ക് ഓവര്‍ നടത്തി ഈ പറഞ്ഞവരൊക്കെ ഹൃത്വിക് ശരിക്കും ഞെട്ടിച്ചു കളഞ്ഞു എന്നും ആനന്ദ് പറഞ്ഞു.
കഥാപാത്രമാകാന്‍ വേണ്ടി താരം നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ചും ആനന്ദ് കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞു. ‘എനിക്ക് അദ്ദേഹത്തിന് ഒരു ഉപദേശവും കൊടുക്കേണ്ടി വന്നിട്ടില്ല. വലിയ പ്രതിഭയുളള നടനാണ് അദ്ദേഹം. തുടക്കത്തില്‍, 150 മണിക്കൂറോളം ഉള്ള എന്റെ വീഡിയോ അദ്ദേഹം പകര്‍ത്തിയിരുന്നു. എന്റെ നിത്യേനേയുളള പ്രവര്‍ത്തികള്‍, എന്റെ ഭക്ഷണരീതികള്‍, എന്റെ നടത്തത്തിന്റെ സ്റ്റൈല്‍, എന്റെ അധ്യാപന രീതി, അങ്ങനെ എല്ലാം വീഡിയോയില്‍ നോക്കി അദ്ദേഹം പഠിച്ചു. അതിനു ശേഷം അഞ്ചോ ഏഴോ തവണ ഞാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അത് മണിക്കൂറോളം നീണ്ടിരുന്നു. ഒരു കൂടിക്കാഴ്ച ആറ് മണിക്കൂറോളം നീണ്ടു. ഒരു തവണ എന്നെ യാത്രയാക്കാന്‍ വന്നപ്പോള്‍ അദ്ദേഹം നഗ്ന പാദനായിട്ടാണ് വന്നത്. അദ്ദേഹത്തിന്റെ ഒരു സ്റ്റാഫ് ഓടിവന്ന് അദ്ദേഹത്തോട് പറഞ്ഞു, ചെരിപ്പിട്ടില്ലല്ലോയെന്ന്’ ഞാനുമായുള്ള കൂടിക്കാഴ്ചയില്‍ അത്രത്തോളം അദ്ദേഹം മുഴുകിയിരുന്നു എന്നാണ് ആനന്ദ് കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞത്.
വികാസ് ബഹല്‍ സംവിധാനം ചെയ്ത ചിത്രം ജൂലൈ 12നാണ് തീയ്യേറ്ററുകളിലെത്തുക. മൃണാല്‍ ആണ് ചിത്രത്തിലെ നായിക. ഇവര്‍ക്കൊപ്പം നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
Discussion about this post