അധികാരക്കസേരകളിലേക്കൊന്നും ഇല്ല രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാത്തതുകൊണ്ടല്ല …’സര്‍ക്കാര്‍’ നല്‍കുന്ന സൂചന, വിജയിയുടെ രാഷ്ട്രീയ പ്രവേശനം?

തമിഴ് സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് പുതുമയുളള കാര്യമല്ല. കരുണാനിധി, എംജിആര്‍, ജയലളിത എന്നിങ്ങനെ വന്‍ താരനിര തന്നെ രാഷ്ട്രീയത്തില്‍ അരങ്ങുവാണിരുന്നു. ഇപ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ കമല്‍ഹാസന്‍ ‘മക്കള്‍ നീതി മയ്യം’ എന്ന പാര്‍ട്ടി പ്രഖ്യാപിച്ച് പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനവും ഏകദേശം ഉറപ്പായ കാര്യമാണ്. അതിനിടയില്‍ തമിഴ് ജനതയ്ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ഇളയദളപതി വിജയ് രാഷ്ട്രീയത്തിലോട്ട് ഇറങ്ങുമോ എന്നതാണ്.

‘സര്‍ക്കാര്‍’ എന്ന വിജയിയുടെ പുതു ചിത്രം സംസാരിക്കുന്നത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെക്കുറിച്ചാണ്. യുഎസ് ആസ്ഥാനമായ പ്രശസ്ത ഐടി കമ്പനിയുടെ സിഇഒ ആയ സുന്ദര്‍ രാമസാമി എന്ന വിജയ് കഥാപാത്രം തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനായാണ് വിദേശത്തുനിന്ന് എത്തുന്നത്.

എന്നാല്‍ തന്റെ പേരില്‍ ആരോ കള്ളവോട്ട് ചെയ്തുവെന്ന വിവരമാണ് ബൂത്തില്‍ അയാളെ കാത്തിരിക്കുന്നത്. വോട്ടവകാശം നിഷേധിക്കപ്പെട്ടതിനെതിരേ കോടതിയെ സമീപിക്കുന്ന അയാള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കുള്ള ബദല്‍ സാധ്യതകള്‍ അന്വേഷിക്കുന്നതാണ് സിനിമയുടെ പ്ലോട്ട്.

അധികാരക്കസേരകളിലേക്കൊന്നും താനില്ലെന്നാണ് സിനിമയില്‍ വിജയ് കഥാപാത്രം പറയുന്നുണ്ടെങ്കിലും അതിനര്‍ഥം രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാത്തതുകൊണ്ടല്ലെന്നും കൂട്ടിച്ചേര്‍ക്കുന്നുണ്ട്. പ്രതിപക്ഷത്തിരിക്കാനാണ് തനിക്ക് താല്‍പര്യമെന്നാണ് സര്‍ക്കാരിലെ നായകന്‍ പറഞ്ഞുവെക്കുന്നത്. ഈ ചിത്രത്തിലെ കഥാപാത്രം പറയുന്ന നിലപാട് വിജയ് എന്ന നടന്റെ വ്യക്തിപരമായ തീരുമാനമാണോയെന്നാണ് ആരാധകര്‍ക്കും തമിഴ് ജനതയ്ക്കും സംശയം.

 

 

Exit mobile version