ഈ ദിവസം വര്‍ഷങ്ങളോളം ഞങ്ങള്‍ ഓര്‍ത്തുവെക്കും; ‘അമുദന്റെ’ വീട്ടില്‍ ‘പാപ്പയെത്തി’, വൈറലായി ചിത്രങ്ങള്‍

പേരന്‍പ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം ഏറെ ശ്രദ്ധേയമായത് 'പാപ്പ'യായി അഭിനയിച്ച സാധനയായിരുന്നു

തിരുവനന്തപുരം: സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പാപ്പയും അമുദനും ഒരു കുഞ്ഞുനോവായി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയിരിക്കുകയാണ്. പേരന്‍പ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ പ്രകടനത്തിനൊപ്പം ഏറെ ശ്രദ്ധേയമായത് ‘പാപ്പ’യായി അഭിനയിച്ച സാധനയായിരുന്നു. മമ്മൂട്ടിയുടെ വീട്ടിലെത്തിയിരിക്കുകയാണ് സാധന. കുടുംബത്തോടൊപ്പമെത്തിയ സാധന ദുല്‍ഖറിനെയും കണ്ടു. ഈ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയാണ് സാധനയുടെ അച്ഛന്‍ ശങ്കരനാരായണന്‍ വെങ്കടേഷ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ഒരു യഥാര്‍ഥ മനുഷ്യനാണ് മമ്മൂക്ക. ഈ കുറിപ്പ് മെഗാസ്റ്റാറിനുള്ള ഒരു നന്ദി പ്രകടനമാണ്, ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചതിനും ദുല്‍ഖര്‍ സല്‍മാനുമായി പരിചയപ്പെടാന്‍ കഴിഞ്ഞതിനും. ചെല്ലമ്മ (സാധനയുടെ വിളിപ്പേര്) ദുല്‍ഖറിന്റെ വലിയ ആരാധികയാണ്. ദുല്‍ഖറിന്റെ വിനയം ഞങ്ങളെ ഞെട്ടിക്കുന്നതായിരുന്നു. ഷൂട്ടിംഗ് തിരക്കുകള്‍ക്ക് ശേഷമെത്തിയ അദ്ദേഹം ഒരു മണിക്കൂര്‍ നേരം ഞങ്ങള്‍ക്കൊപ്പം ചെലവിട്ടു. റാമിനെയും സാധനയെയും പ്രശംസിച്ചു. മമ്മൂട്ടി സാറും വളരെ സന്തോഷവാനായിരുന്നു. ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിച്ചിരുന്നു.

എല്ലാവരും ചേര്‍ന്ന് ഒരു വലിയ കുടുംബമായിരിക്കുന്നതായി തോന്നി തിരികെ പോരുമ്പോള്‍. ഇതാണ് പേരന്‍പിന്റെ പേരില്‍ ഞങ്ങള്‍ക്ക് ലഭിക്കുന്ന ആദ്യത്തെ അവാര്‍ഡെന്ന് തോന്നുന്നു. ഈ ദിവസം വര്‍ഷങ്ങളോളം ഞങ്ങള്‍ ഓര്‍ത്തുവെക്കും. ഇതെല്ലാം ഒരാള്‍ ഉള്ളതുകൊണ്ട് മാത്രം സാധിച്ചതാണ്. സംവിധായകന്‍ റാം.. അദ്ദേഹത്തിനോടുള്ള നന്ദി പറഞ്ഞാല്‍ തീരുന്നതല്ല. സ്‌നേഹം നിറഞ്ഞ ഒരു ലോകത്തിലാണ് നമ്മളെല്ലാം ഉള്ളതെന്ന് തോന്നുന്നു..’

Exit mobile version