‘മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ മതം, സൂര്യനും മഴയ്ക്കും വെള്ളത്തിനുമൊന്നും മതവുമില്ല, ജാതിയുമില്ല’, മമ്മൂട്ടി

മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ മതമെന്ന് നടന്‍ മമ്മൂട്ടി. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ സമാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്.

”നമ്മള്‍ ഇവിടെ പലപ്പോഴും നമ്മുടെ മതേതരത്വം അല്ലെങ്കില്‍ മതസഹിഷ്ണുത എന്നൊക്കെ പറഞ്ഞാണ് ഇപ്പോള്‍ സംസ്‌കാരത്തെപ്പറ്റി ഏറ്റവും കൂടുതല്‍ പറയുന്നത്. പക്ഷേ മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ മതം. മതത്തില്‍ വിശ്വസിച്ചോട്ടെ, വിരോധമില്ല. പക്ഷേ നമ്മള്‍ പരസ്പരം വിശ്വസിക്കണം. പരസ്പരം നമ്മള്‍ കാണേണ്ടവരാണ്. പരസ്പരം ഒന്നിച്ച് ജീവിക്കേണ്ടവരാണ്”, മമ്മൂട്ടി പറഞ്ഞു.

”നമ്മള്‍ എല്ലാവരും ഒരേ വായു ശ്വസിച്ച്, ഒരേ സൂര്യ വെളിച്ചത്തിന്റെ ഊര്‍ജ്ജം കൊണ്ട് ജീവിക്കുന്നവരാണ്. സൂര്യനും മഴയ്ക്കും വെള്ളത്തിനുമൊന്നും മതവുമില്ല, ജാതിയുമില്ല. രോഗങ്ങള്‍ക്കുമില്ല. പക്ഷേ നമ്മള്‍ ഇതിലെല്ലാം ഒരുപാട് വേര്‍തിരിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. വേര്‍തിരിവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത് നമ്മുടെ സ്വാര്‍ഥ ലാഭത്തിന് വേണ്ടി തന്നെയാണ് എന്നാണ് എന്റെ വിശ്വാസം.” മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

” ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളും ഓരോ കാര്യങ്ങളും ഉണ്ടാവാം ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയുന്നതില്‍. മനുഷ്യര്‍ സ്‌നേഹത്തില്‍ തന്നെയാണ് അവസാനിക്കുന്നത്. ലോകമുണ്ടായ കാലം മുതല്‍ നമ്മള്‍ പരസ്പരം പറയുന്നത് സ്‌നേഹത്തെപ്പറ്റിയാണ്. നമ്മുടെ സ്‌നേഹം ഉണ്ടാവുന്നത് തന്നെ മനുഷ്യന്റെ ഉള്ളില്‍ത്തന്നെയുള്ള നമ്മുടെ ശത്രുവിനെ, നമ്മളിലുള്ള പൈശാചികമായ ഭാവത്തെ ദേവഭാവത്തിലേക്ക് തിരിച്ചറിയുമ്പോഴാണ് നമ്മള്‍ മനുഷ്യരാവുന്നത്. നിങ്ങള്‍ മനുഷ്യനപ്പുറത്തേക്ക് വളരുന്നത്, നമ്മള്‍ ദേവഭാവത്തിലേക്ക് എത്തുന്നത്”, മമ്മൂട്ടി പറയുന്നു.

Exit mobile version