തിരുവനന്തപുരം: മകളും ഇന്‍ഫ്‌ലവന്‍സറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന വനിത ജീവനക്കാരെ തട്ടികൊണ്ട് പോയെന്ന കേസില്‍ പ്രതികരണവുമായി കൃഷ്ണകുമാര്‍ രംഗത്ത്.
ദിയയുടെ സ്ഥാപനത്തില്‍ നിന്ന് ഈ മൂന്ന് പേര്‍ പണം തട്ടിയെടുത്തിരുന്നുവെന്നും ഇതിന്റെ പേരില്‍ കേസ് നല്‍കിയതിന് പിന്നാലെ അവര്‍ നല്‍കിയ വ്യാജ കേസാണിതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
‘ഞങ്ങള്‍ പരാതി കൊടുത്തതിന്റെ പിറ്റേ ദിവസമാണ് ഈ മൂന്ന് കുട്ടികള്‍ ഞങ്ങള്‍ക്കെതിരെ പരാതി കൊടുക്കുന്നത്. തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ളതാണ് കേസ്. പക്ഷെ ഇതിനെതിര ഞങ്ങളുടെ കൈയില്‍ തെളിവുണ്ട്. അതെല്ലാം പൊലീസിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതി നല്‍കിയവരുടെ കൈയില്‍ അങ്ങനെ യാതൊരു തെളിവുമില്ല. മകളുടെ പല ചടങ്ങുകളിലും ദിയക്ക് ഒപ്പം കൂടെ നിന്നവരാണ് പരാതി നല്‍കിയിരിക്കുന്നത്.
പലപ്പോഴും ഇങ്ങനെയല്ല അവരോട് നില്‍ക്കണ്ടതെന്ന് പറഞ്ഞപ്പോഴും എന്റെ അനിയത്തിമാരെ പോലെയാണ് എന്ന് ദിയ പറഞ്ഞിരുന്നു. ന്യായം ലഭിക്കുമെന്ന് തന്നെയാണ് വിശ്വാസം’ ജി കൃഷണകുമാര്‍ പറഞ്ഞു. കുറ്റം സമ്മതിക്കുന്നതും പണം തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റല്‍ തെളിവും തങ്ങളുടെ കയ്യില്‍ ഉണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ സംഭവവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.