കോടികള്‍ ചിലവഴിച്ച് വിവാഹം കഴിക്കുന്ന സിനിമാക്കാരില്‍ നിന്നും വ്യത്യസ്തനായിരിക്കുകയാണ് പ്രമുഖ സംവിധായന്‍ അലി അക്ബര്‍. തന്റെ മകളുടെ വിവാഹമാണ് ആര്‍ഭാടങ്ങളൊന്നും ഇല്ലാതെ എന്നാല്‍ ആചാരങ്ങളും വിശ്വാസങ്ങളും ഒന്നും തെറ്റിക്കാതെ അലി അക്ബര്‍ നടത്തിയത്.
വധു സ്വര്‍ണാഭരണത്തില്‍ കുളിച്ചില്ല, എന്തിന് സ്വര്‍ണം ധരിച്ചോ എന്നു പോലും സംശയിക്കാം. പട്ടുസാരിയോ, പൂവോ, മിന്നുന്ന പുടവകളോ ഒന്നുമില്ല. സാധാരണവേഷത്തിലാണ് വധു അലീനയും വരന്‍ രജനീഷും എത്തിയത്. വാദ്യമേളങ്ങള്‍ക്ക് പകരം കുട്ടികളുടെ നാവില്‍ നിന്നുയര്‍ന്ന ഗായത്രീ മന്ത്രം. മാതാപിതാക്കളും ബന്ധുക്കളും ആരതി ഉഴിഞ്ഞ്, തുളസിയില ഇട്ട് വധുവിനെയും വരനെയും അനുഗ്രഹിച്ചതോടെ വിവാഹത്തിന് പരിസമാപ്തി. കോഴിക്കോട് ബാലികാ സദനത്തില്‍ വെച്ചുനടന്ന വിവാഹത്തില്‍ അവിടുത്തെ അന്തേവാസികളായ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടിയാണ് ഏക ആഘോഷം. അവസാനം ഇലയില്‍ ലളിതമായ ഭക്ഷണവും.
വിവാഹ വീഡിയോയ്ക്ക് പോലും ലക്ഷങ്ങള്‍ മുടക്കുന്ന ഇക്കാലത്ത് അലിഅക്ബര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്ത മകളുടെ വിവാഹ വീഡിയോ പോലും വളരെ ലളിതമാണ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അലിഅക്ബര്‍ മകളുടെ വിവാഹ വാര്‍ത്ത പുറത്തുവിട്ടത്.
Discussion about this post