സൂപ്പർസ്റ്റാർ രജനികാന്തിനെ നേരിട്ട് കാണാനായതിന്റെ സന്തോഷത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. രജനിയുടെ വലിയ ഫാനായ സഞ്ജുവിന്റെ 21 വർഷത്തെ ആഗ്രഹമാണ് സഫലമായത്സൂപ്പർ സ്റ്റാർ രജിനികാന്തിനെ വീട്ടിലെത്തി സന്ദർശിച്ചെന്ന് സമൂഹമാധ്യമത്തിലൂടെ സഞ്ജു തന്നെയാണ് അറിയിച്ചത്.
രജനികാന്തിന്റെ ക്ഷണം സ്വീകരിച്ചാണ് വീട്ടിലേക്ക് പോയതെന്നും താരം അറിയിച്ചു. താൻ കടുത്ത തലൈവർ ആരാധകനാണെന്ന് സഞ്ജു ചില അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു.
‘ഏഴാമത്തെ വയസുമുതൽ ഞാൻ സൂപ്പർ സ്റ്റാർ രജിനികാന്തിന്റെ ആരാധകനാണ്. അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാണുമെന്ന് കുട്ടിക്കാലത്ത് ഞാൻ മാതാപിതാക്കളോട് പറയുമായിരുന്നു. 21 വർഷങ്ങൾക്ക് ഇപ്പുറം ആ ദിവസം വന്നെത്തിയിരിക്കുകയാണ്. തലൈവർ എന്നെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുന്നു’- സഞ്ജു സാംസൺ കുറിച്ചു.
ഐപിഎൽ സീസൺ തുടങ്ങാനിരിക്കെ തയ്യാറെടുപ്പുകളിലാണ് രാജസ്ഥാൻ റോയൽസ് നായകൻ കൂടിയായ സഞ്ജു സാംസൺ. നേരത്തെ ശ്രീലങ്കക്കെതിരായ ആദ്യ ട്വന്റി ട്വന്റി മത്സരത്തിനിടെ സഞ്ജുവിന്റെ കൈമുട്ടിന് പരുക്കേറ്റ് പിന്മാറേണ്ടി വന്നിരുന്നു. പരുക്ക് കാരണം ന്യൂസിലൻഡിനെതിരായ പരമ്പരയിലും സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നില്ല.
Discussion about this post