കടുവയ്ക്ക് ശേഷം ഷാജി കൈലാസ്- പൃഥ്വിരാജ് വീണ്ടും ഒന്നിക്കുന്ന ചിത്രം ‘കാപ്പ’യിൽ നിന്നും മഞ്ജു വാര്യർ പിന്മാറിയതിന് പിന്നാലെ നായികയായി അപർണ്ണ ബാലമുരളി എത്തുമെന്ന് റിപ്പോർട്ട്. അജിത് കുമാർ നായകനാകുന്ന തമിഴ് സിനിമയിൽ അഭിനയിക്കുന്ന മഞ്ജു വാര്യർ ഡേറ്റ് ക്ലാഷ് മൂലമാണ് പിന്മാറിയത്. ഇതിന് പിന്നാലെയാണ് അപർണ ചിത്രത്തിൽ അഭിനയിക്കുന്നെന്ന വാർത്തയെത്തിയത്.
ഏറെ പ്രധാനയമേറിയ കഥാപാത്രത്തെയാണ് അപർണ സിനിമയിൽ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. അജിത്തിന്റെ ‘എകെ 61’ പുതിയ ഷെഡ്യൂൾ ഉടൻ പൂനെയിൽ ആരംഭിക്കും. ഇരു ചിത്രങ്ങളും തമ്മിൽ ക്ലാഷ് വന്ന സാഹചര്യത്തിൽ ‘കാപ്പ’യുടെ അണിയറ പ്രവർത്തകരുമായി ധാരണയിലായ ശേഷമാണ് മഞ്ജു പിന്മാറിയതെന്നാണ് റിപ്പോർട്ട്.
‘കടുവ’യ്ക്ക് ശേഷം ഗ്യാങ്സ്റ്റർ ത്രില്ലറുമായാണ് ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുകെട്ടെത്തുന്നത്. ജി ആർ ഇന്ദുഗോപന്റെ ‘ശംഖുമുഖി’ എന്ന കഥയാണ് പ്രമേയം. തിരുവനന്തപുരത്തെ കൊട്ടേഷൻ ഗുണ്ടാത്തലവനായ ‘കൊട്ട മധു’വായാണ് പൃഥ്വിരാജ് എത്തുന്നത്. ഇന്ദുഗോപൻ തന്നെയാണ് തിരക്കഥ.
അന്ന ബെൻ, ആസിഫ് അലി, ജഗദീഷ്, നന്ദു എന്നിവരും കഥാപാത്രങ്ങളാകുന്നു. ജോമോൻ ടി ജോൺ ആണ് ഛായാഗ്രഹണം. ഷമീർ മുഹമ്മദ് എഡിറ്റിങ്ങ്. തിരുവനന്തപുരത്തും മറ്റിടങ്ങളിലുമായി ചിത്രീകരണം തുടരുകയാണ്.
ജിനു വി. എബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയേറ്റർ ഓഫ് ഡ്രീംസ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമിക്കുന്ന ചിത്രമാണ് കാപ്പ.
Discussion about this post