തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ അപ്രതീക്ഷിത അതിഥിയായി എത്തി നടി ഭാവന. പൊതുവേദിയിൽ താരം പ്രത്യക്ഷപ്പെടുന്നത് നീണ്ട ഇടവേളയ്ക്ക് ഒടുവിലാണ്. അതേസമയം, വർഷങ്ങൾക്ക് ശേഷമാണ് ഭാവന രാജ്യാന്തര ചലച്ചിത്രമേളയിൽ പങ്കെടുക്കുന്നതെന്നും സിനിമാപ്രേമികൾ ഓർക്കുന്നു.
പോരാട്ടത്തിന്റെ പെൺ പതീകമായ ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞു. ഭാവന അതിഥിയായെത്തുന്ന വിവരം സംഘാടകർ പുറത്തുവിട്ടിരുന്നില്ല. അപ്രതീക്ഷിതമായാണ് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്. നീണ്ട ഹർഷാരവങ്ങളോടെയാണ് ഭാവനയെ സിനിമപ്രേമികൾ സ്വീകരിച്ചത്.
പോരാടുന്ന എല്ലാ സ്ത്രീകൾക്കും തന്റെ ആശംസയെന്നും ഭാവന വേദിയിൽ സംസാരിച്ചുകൊണ്ട് പറഞ്ഞു. ”അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അവസരം നൽകിയ രഞ്ജിത്തിനും ബീന ചേച്ചിക്കും നന്ദി. നല്ല സിനിമകൾ സൃഷ്ടിക്കുന്നവർക്കും അത് ആസ്വദിക്കുന്നവർക്കും, ലിസയെ പോലെ പോരാട്ടം നയിക്കുന്ന എല്ലാ സ്ത്രീകൾക്കും എന്റെ എല്ലാ വിധ ആശംസകളും. നന്ദി.”-ഭാവന വാക്കുകൾ ചുരുക്കിയതിങ്ങനെ.
സംവിധായകനും ബോളിവുഡ് നവസിനിമയുടെ സാരഥിയുമായ അനുരാഗ് കശ്യപാണ് ചടങ്ങിലെ മുഖ്യാതിഥി. നിശാഗന്ധി തിയേറ്ററിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് ചടങ്ങിന്റെ അധ്യക്ഷൻ. തുർക്കിയിൽ ഐഎസ് തീവ്രവാദികൾ നടത്തിയ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദിഷ് സംവിധായിക ലിസ ചലാന് സ്പിരിറ്റ് ഓഫ് സിനിമ പുരസ്കാരം നൽകി മുഖ്യമന്ത്രി ആദരിച്ചു.
പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു എന്നിവരും ചടങ്ങിൽ അതിഥികളായെത്തി.
Discussion about this post