ആര്‍ത്തവത്തെക്കുറിച്ച് അനുഭവം പങ്കുവെച്ച് പ്രിയഗായിക ജ്യോത്സ്ന. സ്കൂള്‍ കാലത്തെ ചിത്രം പങ്കുവച്ച് അന്നത്തെ അനുഭവങ്ങള്‍ കൂടി വിവരിച്ചുകൊണ്ടാണ് അവരുടെ കുറിപ്പ്. ആര്‍ത്തവം തികച്ചും സാധാരണമായ ഒരു ശാരീരിക പ്രക്രിയ ആണെന്നും അതിനെക്കുറിച്ച് സംസാരിക്കാനുള്ള മടിയും ചമ്മലും മാറ്റണം എന്നും ജ്യോത്സന ആവശ്യപ്പെടുന്നു. സ്കൂള്‍ യൂണിഫോമിലുള്ള പഴയ ചിത്രം പങ്കുവെച്ചാണ് താരത്തിന്റെ കുറിപ്പ്.
ജ്യോത്സ്നയുടെ കുറിപ്പ്:
‘ഈ ചിത്രത്തിലേയ്ക്കു നോക്കുമ്പോള്‍ ഞാന്‍ എത്ര ചെറുപ്പമായിരുന്നു എന്ന വസ്തുത തിരിച്ചറിയുന്നു. അന്ന് വളരെ സാധാരണമാണെന്നു കരുതിയ ഒരുപാട് കാര്യങ്ങളിലേയ്ക്ക് എന്റെ കണ്ണുകള്‍ തുറക്കുന്നു. ഷാള്‍ വൃത്തിയായി തോളില്‍ കുത്തിവച്ച് അയഞ്ഞ യൂണിഫോം ധരിച്ചു നില്ക്കുന്ന ഇതില്‍ എനിക്ക് ഏകദേശം പതിനാല് വയസ്സ് പ്രായമുണ്ടായിരിക്കും.
സ്പോര്‍ട്സ് ദിവസങ്ങളില്‍ വെള്ള യൂണിഫോം ആയിരുന്നു ധരിക്കേണ്ടിയിരുന്നത്. ആര്‍ത്തവ സമയത്ത് അത് ധരിക്കാനുള്ള പേടി! ബെഞ്ചില്‍ നിന്നും എഴുന്നേല്‍ക്കുമ്പോഴെല്ലാം അടുത്തുള്ള പെണ്‍സുഹൃത്തിനോട് ‘ഒന്നു നോക്കൂ’ എന്നു പറയും. ചുവന്ന നിറത്തിലുള്ള ഡിസൈന്‍ വന്നിട്ടുണ്ടാകല്ലേ എന്നായിരുന്നു പ്രാര്‍ഥന. ആവശ്യം വന്നാല്‍ ഉപയോഗിക്കാന്‍ പാഡുകള്‍ ബാഗില്‍ നിറയ്ക്കുമായിരുന്നു. മാസത്തിലെ ആ നാല് ദിവസങ്ങളില്‍ പുറത്തു കളിക്കാന്‍ വരാത്ത സുഹൃത്തുക്കളുമുണ്ട്. തങ്ങള്‍ക്ക് ആര്‍ത്തവമാണെന്ന് ആരെങ്കിലും (പ്രത്യേകിച്ച് ആണ്‍കുട്ടികള്‍) അറിയുന്നത് ലജജിക്കേണ്ടതും നാണിക്കേണ്ടതുമായ കാര്യമാണെന്നായിരുന്നു ചിന്ത.
പക്ഷേ അത് അങ്ങനെ ആയിരിക്കേണ്ടതുണ്ടോ? ഒരു സാധാരണ, സ്വഭാവിക ശാരീരിക പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അത്തരം ചിന്തകള്‍ പതിനാലാം വയസ്സില്‍ തന്നെ ഭാരമാകേണ്ടതുണ്ടോ? കാര്യങ്ങള്‍ പതിയെ മാറാന്‍ തുടങ്ങിയതു കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ഇനിയും പതിയെ പതിയെ എല്ലാം ഉറപ്പായും മാറും. ചെറിയ പെണ്‍കുട്ടികള്‍ ചെറിയപെണ്കുട്ടികള് തന്നെയായിരിക്കട്ടെ. ആദ്യ ആര്‍ത്തവം മുതല്‍ അവരെ ‘പക്വതയുള്ളവര്‍’ ആയി കാണരുത്. അവരുടെ പുസ്തകങ്ങളില്‍ നിന്നും ലൈംഗിക പഠന പേജുകള്‍ ഒഴിവാക്കരുത്. നിങ്ങളുടെ പെണ്‍കുട്ടികളോടും ആണ്‍കുട്ടികളോടും അതിനെക്കുറിച്ചു സംസാരിക്കുക. അതിനുമേലുള്ള ലജ്ജയും വിലക്കും നീക്കുക. ആര്‍ത്തവം സാധാരണമാണ്, ലളിതവും’
Discussion about this post