ന്യൂഡല്‍ഹി : സിനിമയുടെ വ്യാജപ്പതിപ്പുണ്ടാക്കിയാല് ഇനി ജയില്‍ ശിക്ഷയും പിഴയും. സിനിമാട്ടോഗ്രാഫ് ഭേദഗതി 2021 പ്രകാരം സിനിമയുടെ വ്യാജപ്പതിപ്പ് നിര്‍മിച്ചാല്‍ മൂന്ന് മാസം വരെ തടവും മൂന്ന് ലക്ഷം രൂപ വരെ പിഴയും ഈടാക്കാനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി.
നിലവില്‍ സിനിമയുടെ പ്രദര്‍ശനത്തിന് അനുമതി നല്‍കുന്നത് സെന്‍സര്‍ ബോര്‍ഡാണെങ്കിലും പുതിയ ഭേദഗതിപ്രകാരം കേന്ദ്രസര്‍ക്കാരിന് സെന്‍സര്‍ബോര്‍ഡിന്റെ തീരുമാനത്തിലിടപെടാം. ബില്ലിലെ വ്യവസ്ഥ പ്രകാരം വ്യാജപ്പതിപ്പെന്ന പരാതി ലഭിച്ചാല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്കിയ സിനിമകള്‍ കേന്ദ്രത്തിന് പുനപരിശോധിക്കാം.
സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയുള്ള സിനിമകള്‍ പുനപരിശോധിക്കാമെന്ന കേന്ദ്രത്തിന്റെ തീരുമാനം നേരത്തേ കര്‍ണാടക ഹൈക്കോടതി റദ്ദാക്കുകയും സുപ്രീം കോടതി ഈ വിധി അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെതിരാണ് പുതിയ ഭേദഗതി.കരട് ബില്ലിന് കേന്ദ്രം പൊതുജനാഭിപ്രായം തേടിയിട്ടുണ്ട്. ജൂലൈ രണ്ടിനുള്ളില്‍ അഭിപ്രായം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിക്കാനാണ് നിര്‍ദേശം.
Discussion about this post