ചണ്ഡീഗഡ്: പ്രമുഖ പഞ്ചാബി ഗായകന് സര്‍ദൂള്‍ സിക്കന്ദര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 60 വയസായിരുന്നു. മൊഹാലിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. അടുത്തിടെയാണ് സര്‍ദൂളിന് കൊവിഡ് സ്ഥിരീകരിച്ചത്. വൃക്ക തകരാര്‍, അനിയന്ത്രിതമായ പ്രമേഹം തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് ചികിത്സ തേടുന്നതിനിടെ ആരോഗ്യനില വഷളാവുകയായിരുന്നു.
പഞ്ചാബി നാടോടി ഗാനങ്ങള്‍ പാടിയാണ് സര്‍ദൂള്‍ പ്രശസ്തനായത്. പഞ്ചാബി സിനിമകളില്‍ അഭിനയിച്ചും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. സര്‍ദൂളിന്റെ മരണത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അനുശോചനം രേഖപ്പെടുത്തി.
അതേസമയം രാജ്യത്ത് ഇന്നലെ പുതിയതായി 13,742 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് കേസുകള്‍ 1,10,30,176 ആയി ഉയര്‍ന്നു.
104 മരണങ്ങളാണ് ഇന്നലെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 51 പേര് മഹാരാഷ്ട്രയില്‍ നിന്നുള്ളവരും 14 പേര് കേരളത്തില്‍ നിന്നും 10 പേര് പഞ്ചാബില്‍ നിന്നുമാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,56,567 ആയി ഉയര്‍ന്നു.
രോഗം ബാധിച്ചവരില്‍ 1,07,26,702 പേര് ഇതുവരെ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് വിമുക്തി നിരക്ക് 97.25 ശതമാനമാണ്. മരണനിരക്ക് 1.42 ശതമാനവും ആണ്.കോവിഡ് ബാധിച്ച് രാജ്യത്ത് 1,46,907 പേര് ചികിത്സയില്‍ തുടരുകയാണ്. ഐസിഎംആര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 8,05,844 സാമ്പിളുകളാണ് ചൊവ്വാഴ്ച പരിശോധനയ്ക്ക് വിധേയമാക്കിയത്.
Discussion about this post