ആരും നിങ്ങളോട് സംസാരിക്കില്ല, ചടങ്ങുകൾക്കു ക്ഷണിക്കില്ല, കുട്ടിയായിരുന്നപ്പോൾ തൊട്ട് സമുദായത്തിലെ വിവേചനം അറിയാമായിരുന്നു: സായ് പല്ലവി

Sai Pallavi | Entertainment News

നാല് സംവിധായകർ അണിയിച്ചൊരുക്കിയ നെറ്റ്ഫഌക്‌സ് ആന്തോളജിയായ പാവ കഥൈകൾ ചിത്രവും തന്റെ ജീവിതവുമായുള്ള ബന്ധത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സായി പല്ലവി. പാവകഥൈകളിലൊന്നായ വെട്രിമാരൻ അണിയിച്ചൊരുക്കിയ ഊർ ഇരവ് എന്ന ചിത്രത്തിലെ മുഖ്യകഥാപാത്രത്തെയാണ് സായി അവതരിപ്പിച്ചിരിക്കുന്നത്. ദുരഭിമാനം വിഷയമായ ചിത്രം സോഷ്യൽമീഡിയയിലടക്കം വലിയ ചർച്ചയാവുകയാണ്. നെറ്റ്ഫഌക്‌സിന് വേണ്ടി സുധ കൊങ്കാര, വിഗ്‌നേഷ് ശിവൻ, ഗൗതം മേനോൻ, വെട്രി മാരൻ എന്നിവർ സംവിധാനം ചെയ്ത പാവ കഥൈകൾ ഡിസംബർ 18നാണ് റിലീസായത്.

ദളിത് വിഭാഗത്തിൽ പെട്ടയാളെ വിവാഹം കഴിച്ചതിന്റെ പേരിൽ സ്വന്തം കുടുംബത്തിൽ കടുത്ത വിവേചനം നേരിടേണ്ടി വരുന്ന കഥാപാത്രമായാണ് ചിത്രത്തിൽ സായി പല്ലവിയെത്തുന്നത്. ചിത്രത്തിൽ പ്രതിപാദിക്കുന്ന ബഡാഗ എന്ന സമുദായത്തിൽപ്പെട്ട സായി പല്ലവി, യഥാർത്ഥ ജീവിതത്തിലും താൻ ഇത്തരത്തിലുള്ള വിവേചനങ്ങൾ കണ്ടുവളർന്നയാളാണെന്നാണ് പറയുന്നത്. കുട്ടിക്കാലം തൊട്ട് മനസിലാക്കിയ അനുഭവങ്ങളെ കുറിച്ച് താരം സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചിരിക്കുകയാണിപ്പോൾ.

‘എന്റെ സമുദായത്തിൽ നടന്നിരുന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു എന്ന് പറയാനാവില്ല. ചെറിയ കുട്ടിയായിരുന്ന സമയം മുതൽ തന്നെ വലുതാകുമ്പോൾ ബഡാഗ സമുദായത്തിൽ പെട്ടയാളെ വിവാഹം കഴിക്കണമെന്ന് എന്നോട് പറയുമായിരുന്നു. കുറെ പേർ സമുദായത്തിന് പുറത്തുനിന്നും വിവാഹം കഴിച്ചിട്ടുണ്ട്. അവരാരും തന്നെ കോട്ടഗിരിയിൽ ഹാട്ടിയിൽ താമസിക്കുന്നില്ല.’ താരം ദ ന്യൂസ് മിനുറ്റിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

ബഡാഗ സമുദായത്തിന് പുറത്തുള്ളയാളെ വിവാഹം കഴിച്ചാൽ ഗ്രാമത്തിലുള്ളവർ നിങ്ങളെ വേറൊരു രീതിയിലാണ് കാണുക. അവർ നിങ്ങളോട് സംസാരിക്കില്ല. ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും ക്ഷണിക്കില്ല. ശവസംസ്‌ക്കാരച്ചടങ്ങിന് പോലും വരാൻ അവർക്ക് അനുവാദമില്ല. ഇത് അവരുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കാം. ആ ഗ്രാമത്തിൽ ജനിച്ചു വളർന്നവർക്ക് അവരെ ഇങ്ങനെ ഒഴിവാക്കുന്നത് സഹിക്കാനാവില്ലെന്നും സായ് പല്ലവി പറഞ്ഞു.

അച്ഛനോട് ഇക്കാര്യം സംസാരിച്ചപ്പോൾ സ്വന്തം സമുദായത്തിൽ നിന്നും വിവാഹം കഴിക്കുന്നത് എല്ലായിടത്തും നടക്കുന്ന കാര്യമല്ലേയെന്നും അത് സംസ്‌ക്കാരത്തിന്റെ ഭാഗമല്ലേയെന്നുമായിരുന്നു അച്ഛന്റെ മറുപടി. സംസ്‌കാരത്തിന്റെ പേര് പറഞ്ഞ് ഒരു കുട്ടിയെ നിങ്ങൾ ആഗ്രഹിക്കുന്നത് തന്നെ തെരഞ്ഞെടുക്കണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താനാവില്ലെന്നും ഇത് വല്ലാതെ അസ്വസ്ഥത പെടുത്തുന്ന കാര്യമാണെന്നും താൻ അച്ഛനോട് പറഞ്ഞെന്നും സായ് പല്ലവി വ്യക്തമാക്കി.

അച്ഛൻ തന്റെയും സഹോദരിയുടെയും കാര്യത്തിൽ സ്വതന്ത്രമായി ചിന്തിക്കുമെങ്കിലും മറ്റു പെൺകുട്ടികളെ കുറിച്ചും അല്ലെങ്കിൽ സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ചും സംസാരിക്കുമ്പോൾ അതൊന്നും മാറ്റാൻ സാധിക്കില്ലെന്നാണ് പറയുകയെന്നും സായ് പല്ലവി കൂട്ടിച്ചേർത്തു.

Exit mobile version