ബോളിവുഡ് നടിയും സൂപ്പർ മോഡലും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ സന ഖാൻ വിവാഹിതയായതായി. ഗുജറാത്ത് സൂറത്തിൽ നിന്നുള്ള മുഫ്തി അനസ് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹത്തിന്റെ വീഡിയോകൾ സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
വിവാഹവസ്ത്രമായ വെള്ള നിറത്തിലുള്ള ഗൗൺ ധരിച്ച് സന അനസിനൊപ്പം പടികൾ ഇറങ്ങി വരുന്നതും കുടുംബാംഗങ്ങൾക്കൊപ്പമിരുന്ന് കേക്ക് മുറിക്കുന്നതുമൊക്കെയാണ് പുറത്തുവന്നിരിക്കുന്ന വീഡിയോയുടെ ഉള്ളടക്കം. വിവാഹ റിസപ്ഷൻ വസ്ത്രമായ ചുവപ്പ് ലെഹങ്ക അണിഞ്ഞ സനയുടെ ഭർത്താവിന്റെ കൂടെയുള്ള ചിത്രങ്ങളും പുറത്തെത്തിയിട്ടുണ്ട്.
ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിൽ വേഷമിട്ട സന ക്ലൈമാക്‌സ് എന്ന മലയാള ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. സൽമാൻ ഖാൻ നായകനായ ജയ്‌ഹോയാണ് സനയുടെ ശ്രദ്ധേയ ചിത്രം. ടെലിവിഷൻ ഷോകളിലും സന സജീവ സാന്നിധ്യമായിരുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് അഭിനയവും മോഡലിങ്ങും ഉപേക്ഷിച്ചെന്നും ഇനി ജീവിതം ദൈവത്തിന്റെ പാതയിലാണെന്നും സൃഷ്ടാവിന്റെ കൽപ്പനകൾ അനുസരിച്ചായിരിക്കും ജീവിക്കുകയെന്നും നടി പ്രഖ്യാപിച്ചത്. വിനോദ വ്യവസായം തനിക്ക് സമ്പത്തും പ്രശസ്തിയും തന്നെങ്കിലും അതിനപ്പുറത്ത് മനുഷ്യൻ ഭൂമിയിലേക്ക് വന്നതിന്റെ യഥാർഥ കാരണം മനസ്സിലാക്കിയാണ് തീരുമാനമെന്ന് സന പറഞ്ഞിരുന്നു.