തമിഴകത്തിന്റെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താര ടൈറ്റില്‍ റോളില്‍ എത്തിയ ചിത്രമാണ് ‘മൂക്കുത്തി അമ്മന്‍’. നയന്‍താര ഈ തലമുറയിലെ രമ്യാ കൃഷ്ണനാണെന്നാണ് സംവിധായകന് ആര്‍ജെ ബാലാജി വിശേഷിപ്പിച്ചത്. ഇന്ത്യാ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ബാലാജി ഇത്തരത്തില്‍ പറഞ്ഞത്. നയന്‍താരയുടെ നോട്ടത്തിലും കാഴ്ചയിലും ദിവ്യത്വം അനുഭവപ്പെടുന്നുണ്ടെന്നും ആര്‍ജെ ബാലാജി കൂട്ടിച്ചേര്‍ത്തു.
‘നേരത്തേയും നിരവധി പേര് അമ്മനായിട്ടുണ്ട്. രമ്യാകൃഷ്ണന്‍ അമ്മനാകുമ്പോള്‍ അവരുടെ കണ്ണില്‍ കുട്ടികളോടുള്ള വാത്സല്യവും ദുഷ്ടന്മാരോടുള്ള വൈരാഗ്യവും കാണാം. ഈ തലമുറയിലെ കുട്ടികള്‍ കഴിഞ്ഞ 20 വര്‍ഷമായി പുതിയ അമ്മനെ കണ്ടിട്ടില്ല. അവരെ സംബന്ധിച്ചിടത്തോളം നയന്‍താര ഈ കാലത്തെ രമ്യാകൃഷ്ണനായിരിക്കും’ എന്നാണ് ബാലാജി പറഞ്ഞത്.
തൊണ്ണൂറുകളില്‍ ദൈവങ്ങളെ കഥാപാത്രങ്ങളാക്കിയുള്ള നിരവധി ചിത്രങ്ങള്‍ തമിഴില്‍ എത്തിയിരുന്നു. അതേ മാതൃകയില്‍ എന്നാല്‍ സാമൂഹിക പ്രതിബന്ധതയുള്ള ചിത്രമായിരിക്കും മൂക്കുത്തി അമ്മനെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്. ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്യുന്നത്. ആര്‍ജെ ബാലാജിയും ചിത്രത്തില്‍ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഉര്‍വ്വശി, സ്മൃതി വെങ്കട്ട്, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
Discussion about this post