ഒടിയനു ശേഷം പുതിയ ചിത്രവുമായി സംവിധായകന് വിഎ ശ്രീകുമാര്‍. മാപ്പിള ഖലാസികളുടെ സാഹസിക ജീവിതം പറയുന്ന ചിത്രത്തിന് ‘മിഷന് കൊങ്കണ്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. ബോളിവുഡിലും മലയാളമടക്കമുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.
ബിഗ്ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് രചന നിര്‍വഹിച്ചിരിക്കുന്നത് ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, മാമ ആഫ്രിക്ക തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനായ പ്രമുഖ സാഹിത്യകാരന് ടിഡി രാമകൃഷ്ണനാണ്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ പ്രമുഖ താരങ്ങളാവും ചിത്രത്തില്‍ അണിനിരക്കുകയെന്നും താരനിര പിന്നീട് പ്രഖ്യാപിക്കുമെന്നും ശ്രീകുമാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
മനുഷ്യാല്‍ഭുതമാണ് ഖലാസി. മലബാറിന്റെ തീരങ്ങളില്‍ നിന്നും ലോകമെമ്പാടും പരന്ന പെരുമ. ശാസ്ത്രത്തിനും ഗുരുത്വാകര്‍ഷണ നിയമങ്ങള്‍ക്കും വിവരിക്കാനാവാത്ത ബലതന്ത്രം. ഇന്ത്യയുടെ അഖണ്ഡതയും സാങ്കേതിക രംഗത്തെ മുന്നേറ്റവും തകര്‍ക്കാനുള്ള ശത്രുരാജ്യങ്ങളുടെ അട്ടിമറി ശ്രമം, മലബാറിന്റെ അഭിമാനമായ മാപ്പിള ഖലാസികള്‍ പരാജയപ്പെടുത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം.
ഹോളിവുഡ് ടെക്നീഷ്യന്മാരുടെ നേതൃത്വത്തിലാണ് ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം. ഡിസംബറില്‍ രത്നഗിരി, ഡല്‍ഹി, ഗോവ, ബേപ്പൂര്‍, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം നടക്കും.
Discussion about this post