ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി നിര്‍മ്മിച്ചത് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദ് ആണെന്ന വ്യാജ പ്രചരണത്തിനെതിരെ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള. മായാനദി എന്ന മലയാള ചലച്ചിത്രം പൂര്‍ണ്ണമായും എന്റെ അക്കൗണ്ടില്‍ നിന്നുള്ള പണം ചിലവഴിച്ച് ചിത്രീകരിച്ചിട്ടുള്ളതാണെന്ന് സന്തോഷ് ടി കുരുവിള പറഞ്ഞു.
ഈ പടത്തിനോടനുബന്ധിച്ചുള്ള എല്ലാ ഇടപാടുകളുടേയും കേന്ദ്ര ,സംസ്ഥാന സര്‍ക്കാര്‍ നികുതികള്‍ കൃത്യമായ് അടച്ചിട്ടുള്ളതാണെന്നും സന്തോഷ് ടി കുരുവിള കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സന്തോഷ് ടി കുരുവിള ഇക്കാര്യം പറഞ്ഞത്.
ഫേസ്ബുക്ക് കുറിപ്പ്:
പ്രിയ സുഹൃത്തുക്കളെ ,
ഒരു പ്രവാസി വ്യവസായി യായിരിയ്ക്കുമ്പോഴും സിനിമയോടുള്ള ഒരു പാഷന്‍ കൊണ്ട് തന്നെ, മലയാള സിനിമ വ്യവസായത്തില്‍, മോശമല്ലാത്ത സംരഭകത്വത്തിന് വിജയകരമായ നേതൃത്വം നല്‍കുന്ന ഒരു വ്യക്തിയാണ് ഞാന്‍, നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായ് സാമൂഹ്യ മാധ്യമങ്ങളില്‍ ഞാന്‍ നിര്‍മ്മിച്ച #മായാനദി എന്ന ചിത്രത്തിന്റെ യഥാര്‍ത്ഥ നിര്‍മ്മാതാവ് മറ്റേതോ വിവാദ വ്യക്തിയാണ് എന്ന രീതിയിലുള്ള വാര്‍ത്ത പ്രചരിച്ചു കാണുന്നു ,
എന്തടിസ്ഥാനത്തിലാണ് ചില രാഷ്ട്രീയ സുഹൃത്തുക്കളും ,ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ഇത്തരമൊരു അടിസ്ഥാന രഹിതമായ ,വസ്തുതകള്‍ക്ക് നിരക്കാത്ത വ്യാജ വാര്‍ത്ത പ്രസിദ്ധീകരിയ്ക്കുന്നതെന്ന് മനസ്സിലാവുന്നില്ല ? മായാനദി എന്ന മലയാള ചലച്ചിത്രം പൂര്‍ണ്ണമായും എന്റെ അക്കൗണ്ടില്‍ നിന്നുള്ള പണം തന്നെ ചിലവഴിച്ച് ചിത്രീകരിച്ചിട്ടുള്ളതാണ് , ഈ പടത്തിനോടനുബന്ധിച്ചുള്ള എല്ലാ ഇടപാടുകളുടേയും കേന്ദ്ര ,സംസ്ഥാന സര്‍ക്കാര്‍ നികുതികള്‍ കൃത്യമായ് അടച്ചിട്ടുള്ളതാണ്, പ്രധാനമായ് ഈ സിനിമ നിര്‍മ്മിയ്ക്കാന്‍ ഞാന്‍ ഒരു വ്യക്തിയുടെ കൈയ്യില്‍ നിന്നും പണം കടമായോ ,നിക്ഷേപമായോ കൈപറ്റിയിട്ടില്ലായെന്ന് വിനയ പുരസരം അറിയിച്ചു കൊള്ളട്ടെ !
പ്രവാസ ലോകത്തും സ്വന്തം നാട്ടിലും വിജയകരമായ് ബിസിനസ് ചെയ്യുന്ന വിവിധ കമ്പനികളുടെ ഉടമയായ എനിയ്ക്ക് മായാ നദി എന്ന എന്റെ സിനിമയെ കുറിച്ച് വന്ന വ്യാജ വാര്‍ത്തകളോട് സഹതപിയ്ക്കുവാനും ഖേദിയ്ക്കുവാനുമേ ഇന്നത്തെ നിലയില്‍ സാധ്യമാവൂ. ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍, സമൂഹ മാധ്യമങ്ങളില്‍ ഇത്തരം വ്യാജ വ്യാര്‍ത്തകള്‍ പടച്ച് വിടുന്നതില്‍ ചില വ്യക്തികള്‍ക്ക് എന്തു തരത്തിലുള്ള ആനന്ദമാണ് ലഭിയ്ക്കുന്നതെന്ന് ഇനിയും മനസ്സിലാവുന്നില്ല?
ദയവു ചെയ്ത് ഡെസ്‌കിലിരുന്നും അല്ലാതെയും ടൈപ്പ് ചെയ്യുമ്പോള്‍ ഒരു ഫാക്ട് ചെക്ക് നടത്തുക ,ഞാനൊരു വ്യവസായിയാണ് ,നിരവധി ചെറുപ്പക്കാര്‍ വിവിധ സംരഭങ്ങളിലായ് നാട്ടിലും വിദേശത്തും എന്നോടൊപ്പം ഇന്നും പ്രവര്‍ത്തിയ്ക്കുന്നുണ്ട് ,പുതിയ സിനിമകള്‍ക്കായുള്ള ചര്‍ച്ചകള്‍ ഈ കൊറോണാ ഘട്ടത്തിലും പുരോഗമിയ്ക്കുകയാണ് ,വിനോദ വ്യവസായത്തില്‍ തുടര്‍ന്നും എന്റെ നിക്ഷേപം ഉണ്ടായിക്കൊണ്ടിരിയ്ക്കും .
ഒരു വസ്തുത അറിയുക സന്തോഷ് ടി. കുരുവിളയുടെ ബിനാമി സന്തോഷ് ടി കുരുവിള മാത്രമാണ് ,
വ്യാജ വാര്‍ത്തകള്‍ പരത്താതിരിയ്ക്കുക,
കൊറോണ പടര്‍ത്താതിരിയ്ക്കുക,
സുരക്ഷിതരായിരിയ്ക്കുക .
നന്ദി ! നമസ്‌കാരം
സന്തോഷ് ടി. കുരുവിള
#Mayanadi #film #fakenews