അകാലത്തിൽ ചിരഞ്ജീവി സർജയുടെ വിയോഗത്തിൽ ഞെട്ടൽ രേഖപ്പെടുത്തുകയാണ് കന്നഡ സിനിമാ ലോകവും ആരാധകരും. കഴിഞ്ഞ ദിവസമാണ് ഹൃദയാഘാതത്തെ തുടർന്ന് കന്നഡ സിനിമാ ലോകത്തെ ഞെട്ടിച്ചു കൊണ്ട് നടൻ ചിരഞ്ജീവി സർജ മരണത്തിന് കീഴടങ്ങിയത്. കുടുംബത്തിലേക്ക് വരാനിരുന്ന കുഞ്ഞതിഥിയെ വരവേൽക്കാനുള്ള സന്തോഷത്തിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ. ചിരഞ്ജീവിയുടെ ഭാര്യയും നടിയുമായ മേഘ്ന രാജ് മൂന്ന് മാസം ഗർഭിണി ആണെന്നാണ് റിപ്പോർട്ടുകൾ. ചിരഞ്ജീവിയുടെ മൃതദേഹത്തിനരികിൽ തകർന്നിരിക്കുന്ന മേഘ്നയുടെ ചിത്രം ആരാധകരുടെ മനസിലും വിങ്ങലാവുകയാണ്.
കർണാടകയിൽ ബസവൻഗുഡിയിലെ വസതിയിൽ പൊതുദർശനത്തിനു വച്ചിരിക്കുകയാണ് ചിരഞ്ജീവിയുടെ മൃതദേഹം. കന്നഡ താരം യാഷ്, തമിഴ് സൂപ്പർ താരവും ബന്ധുവുമായ അർജുൻ എന്നിവരടക്കം നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയത്.
ഹൃദയസ്തംഭനമാണ് ചിരഞ്ജീവിയുടെ മരണകാരണം. ശ്വാസതടസ്സം നേരിട്ടതിനെത്തുടർന്ന് ശനിയാഴ്ച്ച ജയനഗറിലെ സാഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇരുപത്തിരണ്ടോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2009ൽ പുറത്തിറങ്ങിയ വായുപുത്ര ആയിരുന്നു ആദ്യചിത്രം. 2018ലായിരുന്നു മേഘ്നയുടെയും ചിരഞ്ജീവിയുടെയും വിവാഹം.ഏറെ നാളായുള്ള പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
Discussion about this post