സോഷ്യൽമീഡിയയിൽ അടുത്ത കാലത്തായി വൈറലായ സംഭവമായിരുന്നു നടിയും അവതാരകയുമായ ആനിയോട് നടി സരയു സംസാരിക്കുന്ന ഒരു വീഡിയോ ക്ലിപ്. ഫെമിനിസവും ഇക്വാലിറ്റിയുമൊക്കെയാണ് സംസാരവിഷയം എന്നതിനാൽ തന്നെ ഇക്കാര്യത്തെ സോഷ്യൽമീഡിയ വലിച്ചുകീറി ഒട്ടിക്കുകയായിരുന്നു. ആണിന്/ ഭർത്താവിന് ഒരു പടി താഴെയാണ് സ്ത്രീയുടെ സ്ഥാനം അതിൽ തെറ്റില്ല, അത് സുരക്ഷിതത്വമാണ് എന്നൊക്കെയുള്ള സരയുവിന്റേയും ആനിയുടെയും വാക്കുകൾ സോഷ്യൽമീഡിയയെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് പ്രതികരണവുമായി സരയു തന്നെ രംഗത്തെത്തിയിട്ടും വീണ്ടും വിവാദം തുടർന്നതോടെ തനിക്ക് വിവാദത്തിൽ താൽപര്യമില്ലെന്നു വ്യക്തമാക്കി വീണ്ടും ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് സരയു.
താൻ അന്നത്തെ കാഴ്ച്ചപ്പാടുകൾ ഇപ്പോഴും കൊണ്ടുനടക്കുന്നില്ലെന്നും ഒരുപാടു മുന്നോട്ടു സഞ്ചരിച്ചുവെന്നും വ്യക്തമാക്കുന്നതാണ് സരയുവിന്റെ ഫേസ്ബുക്ക് കുറിപ്പ്. ഇനിയും തുടരുന്ന വിമർശനങ്ങൾ നിർത്തണമെന്നും താൻ തന്നെ മറന്നു പോയൊരു കാലത്തെ വാക്കുകളോടുള്ള കലഹം നിർത്തണമെന്നും സരയു പറയുന്നു. സ്ത്രീ പുരുഷന്റെ കീഴിൽ നിൽക്കണം എന്ന് പഠിപ്പിച്ചിരുന്ന ഒരിടത്തു നിന്ന് താൻ ഒരു യൂ ടേൺ എടുത്ത് പോരുകയായിരുന്നുവെന്നും സരയു പോസ്റ്റിൽ പറയുന്നു. ഇതിനിടയിൽ വീഡിയോ പഴയതാണെന്നും ഷെയർ ചെയ്ത പലരോടും തന്നെക്കുറിച്ച് തിരുത്തി സംസാരിച്ച സുഹൃത്തുക്കൾക്ക് നന്ദിയുണ്ടെന്നും സരയു പറയുന്നു.
സരയുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കാലത്തിനൊത്തു കാഴചപ്പാടുകൾ മാറും…ആണും പെണ്ണും ഒരേ തട്ടിൽ കൈപിടിച്ചു ജീവിക്കുന്നതാണ് ഇന്നെന്റെ ശെരി…. (അന്ന് പറഞ്ഞതിൽ നിന്ന് ലേശം വ്യത്യസ്തം തന്നെ ആണ് അഭിപ്രായം)അതാണ് എന്റെ ഇക്വാലിസം… അതാണ് എന്റെ ഫെമിനിസവും…എന്റെ ശെരികള് ഇങ്ങനെ ആണ്… എന്റെ മാത്രം ശെരി…
സോഷ്യൽ മീഡിയയ്ക്ക് അപ്പുറത്ത് സുന്ദരമായ ഒരു കുടുംബ ജീവിതം നയിക്കുന്ന ആളാണ് ഞാൻ….പങ്കുവെച്ചും പൊട്ടിച്ചിരിച്ചും പറഞ്ഞും അറിഞ്ഞും ഞങ്ങൾ തീർത്ത ലോകം തന്നെ ആണ് എനിക്ക് വലുത്… അതിനപ്പുറം ഒരു സൈബർ ലോകത്തിനും വില കൊടുക്കുന്നില്ല…
എങ്കിലും നല്ല ചർച്ചകൾ നടക്കുന്ന, നല്ല എഴുത്തുകൾ വായിക്കാൻ കിട്ടുന്ന, നല്ല സൗഹൃദങ്ങൾ പൂക്കുന്ന ഒരിടം എന്ന രീതിയിൽ ഒരുപാട് ഇഷ്ടമുണ്ട്….ആ ഇഷ്ടം ഇല്ലാതാക്കുന്ന ചിലരുണ്ട്, ചിലതുണ്ട്….
അതിനോട് അന്നും ഇന്നും എന്നും വെറുപ്പ് തന്നെ…അപ്പുറത്തെ വീട്ടിലേക്ക് കണ്ണും നട്ടിരുന്നു,ഓരോ വിഷയങ്ങൾ ദിവസവും കണ്ടുപിടിക്കാനുള്ള അവരുടെ ബുദ്ധിമുട്ടും മനസിലാക്കുന്നു…
അപ്പോൾ നിങ്ങളൊക്കെ തകർക്കിന്…..
സുദീർഘമായ ഒരു എഴുത്തൊന്നും ഇതിന് ആവശ്യമില്ല….
ശുഭരാത്രി ??
വിഷയത്തിൽ വ്യക്തത വരുത്തിയ മറ്റൊരു ഫേസ്ബുക്ക് കുറിപ്പ്:
നമസ്കാരം,
2 ദിവസം മുന്നേ കൃത്യമായി നിലപാട് അറിയിച്ച് എഴുതിയിട്ടും
വർഷങ്ങൾക്ക് മുന്നേ ഉള്ള ഒരു വീഡിയോ ഇപ്പോഴും ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴി ഒരുക്കുന്നു എന്നറിയുന്നു…
ഞാൻ ചിന്തകൾ കൊണ്ടും കാഴ്ചപ്പാടുകൾ കൊണ്ടും ഈ വർഷങ്ങൾ കൊണ്ട് കുറച്ച് മുന്നിലേക്ക് പോന്നിരിക്കുന്നു…അനുഭവങ്ങളും യാത്രകളും സൗഹൃദങ്ങളും ജീവിതവും പഠിപ്പിച്ച പാഠങ്ങൾ കൊണ്ട്, തിരുത്തിയും, ഇടറിയും, പിടഞ്ഞെണീറ്റും, ഓടിപാഞ്ഞും സ്വന്തം ജീവിതം രൂപപ്പെടുത്തി എടുക്കുകയാണ് ഞാൻ ചെയ്യുന്നത്…വീടിനുള്ളിലെ സുരക്ഷിത്വത്തിൽ നിന്ന് കിട്ടിയ ഇടുങ്ങിയ ചിന്ത അല്ലായിരുന്നു വിഡിയോയിലേത്… ചെന്ന് പെട്ട ശ്വാസം മുട്ടിക്കുന്ന മറ്റിടങ്ങൾ ഉണ്ടായിരുന്നു….
സ്ത്രീ പുരുഷന്റെ കീഴിൽ നിൽക്കണം എന്ന് തേൻപുരട്ടിയ വാക്കുക്കളാൽ ആവർത്തിച്ചു പഠിപ്പിച്ചിരുന്ന അത്തരം ഒരിടത്തു നിന്ന് യൂ ടേൺ എടുത്ത് പോരുകയായിരുന്നു… അതാണ് എന്നിലെ സ്ത്രീയോട് ഞാൻ ചെയ്ത ഏറ്റവും സുന്ദരമായ കാര്യം…
പറഞ്ഞുവന്നത് ഇത്രേ ഉള്ളു…ഞാൻ തന്നെ മറന്നു പോയൊരു കാലത്തെ വാക്കുകളോടാണ് നിങ്ങൾ കലഹിച്ചോണ്ടിരിക്കുന്നത്….
എനിക്ക് ഇനിയും ഇതിന് മുകളിൽ സമയം ചിലവഴിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല….
എന്നിലെ മാറ്റങ്ങളുടെ നേർത്ത സാദ്ധ്യതകൾ എങ്കിലും തിരിച്ചറിഞ്ഞു നേരിട്ട് ചോദിക്കുകയും എളുപ്പത്തിൽ ചെയ്യാവുന്ന വീഡിയോ ഷെയർ ഒഴിവാക്കി 2 വരികൾ കൃത്യമായി, ഊർജം പകരുന്ന തരത്തിൽ എഴുതുകയും, പലരോടും തിരുത്തി സംസാരിക്കുകയും ചെയ്ത സുഹൃത്തുക്കൾക്ക് സ്നേഹം…
തിരിച്ചറിയുന്നു നല്ല സൗഹൃദങ്ങളെ??
ശുഭരാത്രി.
Discussion about this post