ചെന്നൈ: ദുരിതത്തില്‍ അകപ്പെടുന്നവര്ക്ക കൈയ്യയച്ച് സഹായം ചെയ്യാന്‍ ഒരു മടിയുമില്ലാത്തവരാണ് തമിഴ് സിനിമാ താരങ്ങള്‍ എന്ന് മുമ്പേ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. കേരളത്തെ പ്രളയം തകര്‍ത്തപ്പോള്‍ ആദ്യം സഹായവുമായി ഓടിയെത്തിയതും തമിഴ്നാട്ടില്‍ നിന്നുള്ള താരങ്ങളും സെലിബ്രിറ്റികളും തന്നെയായിരുന്നു. ഇപ്പോഴിതാ വീണ്ടും ജനങ്ങളെ വലച്ച് ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴും കൈത്താങ്ങായി ഓടിയെത്തി മാതൃകയായിരിക്കുകയാണ് തമിഴ് സിനിമാലോകം.
ഗജ കൊടുങ്കാറ്റിന്റെ കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് സഹായം വാഗ്ദാനം ചെയ്തിരിക്കുന്നത് നടന് രാഘവ ലോറന്‍സാണ്. ഗജയില്പ്പെട്ടു വീട് തകര്‍ന്നു പോയ ഒരു വൃദ്ധയായ അമ്മയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട ലോറന്‍സ് അവരെ സഹായിക്കാനായി മുന്നോട്ട് വരികയായിരുന്നു.
‘പ്രിയ ആരാധകരേ, സുഹൃത്തുക്കളേ! ഗജ കൊടുങ്കാറ്റിന്റെ കെടുതിയില്‍പ്പെട്ട 50 പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കാം എന്ന് ഞാന്‍ പ്രഖ്യാപിച്ചിരുന്നു. ബാധിക്കപ്പെട്ട കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കില്‍ അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു. വീട് നഷ്ടപ്പെട്ടുപോയ വൃദ്ധയായ ഒരമ്മയുടെ വീഡിയോ കുറച്ചു കുട്ടികള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. അത് കണ്ട എന്റെ മനസ് തകര്‍ന്നു പോയി.
ഉടന്‍ തന്നെ ആ കുട്ടികളുമായി ബന്ധപ്പെട്ടു. അവരുടെ ചെയ്ത ജോലി പ്രശംസനീയമാണ്. അത് കൊണ്ട് ആ അമ്മയുടെ വീട് നിര്‍മ്മിക്കുന്ന ഉത്തരവാദിത്തം അവരെത്തന്നെ ഏല്‍പ്പിച്ചു. ഇന്ന് മുതല്‍ ആ വീടിന്റെ ജോലികള്‍ തുടങ്ങുകയാണ്. ഇതെന്റെ ആദ്യ വീടാണ്. നിങ്ങളുടെ അനുഗ്രഹങ്ങളും പിന്തുണയും വേണം. സഹായം അവശ്യമുള്ളവരെ അറിയാമെങ്കില്‍, എന്നെ അറിയിക്കുകയും വേണം’. ലോറന്‍സ് ഫേസ്ബുക്കില്‍ പറഞ്ഞു.
കേരളത്തിലെ പ്രളയകാലത്ത് മുഖ്യമന്ത്രിയെ നേരിട്ട് വന്നു കണ്ടു സഹായം നല്‍കിയിരുന്നു ലോറന്‍സ്. ഒരു കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം അന്ന് സംഭാവന ചെയ്തത്.
Discussion about this post