‘ഹിറ്റടിച്ച് വിജയശ്രീലാളിതനായി നില്‍ക്കുന്ന ഞങ്ങളുടെ ഷെയ്‌നിനെ ഞാന്‍ സ്വപ്‌നം കണ്ടു, എനിക്കുറപ്പുണ്ട് എന്റെ സ്വപ്നം ഫലിക്കുമെന്ന്’; കിസ്മത്ത് സംവിധായകന്‍ ഷാനവാസ് കെ ബാവക്കുട്ടി

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വിലക്ക് മറികടന്ന് ഷെയ്ന്‍ നിഗം പൂര്‍വ്വാധികം ശക്തിയോടെ മലയാള സിനിമയില്‍ തിരിച്ചെത്തുമെന്ന് കിസ്മത്ത് സംവിധായകന്‍ ഷാനവാസ് കെ ബാവക്കുട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സംവിധായകന്‍ ഷെയ്‌നിന്റെ തിരിച്ചുവരവിനെ കുറിച്ച് പറഞ്ഞത്.

തന്റെ സ്വപ്‌നമായ ‘കിസ്മത്ത്’ സാക്ഷാത്കരിക്കുന്നതിനായി കാരവാനും എസി സ്യൂട്ടുമില്ലാതെ പ്രതിഫലം പോലും വാങ്ങാതെ കൂടെ നിന്ന ഷെയ്ന്‍ നിഗം എന്ന നെഞ്ച് നിറയെ സ്‌നേഹമുള്ള മനുഷ്യനെ അറിയാം എന്നാണ് ഷാനവാസ് ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചത്.

ഷാനവാസ് കെ ബാവക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

പ്രിയരേ ഞാനിപ്പോള്‍ ഒരു മനോഹര ‘സ്വപ്നം’ കണ്ടു!’ഉല്ലാസ’ ത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തികരിച്ച് ‘വെയിലും’ ‘കുര്‍ബാനിയും’ ചിത്രീകരണം പൂര്‍ത്തികരിച്ച് ‘വലിയ പെരുന്നാള്‍’ സൂപ്പര്‍ ഹിറ്റായി മലയാള സിനിമയുടെ വെള്ളിത്തിരയില്‍ പിന്നെയും പിന്നെയും ഹിറ്റടിച്ച് വിജയശ്രീലാളിതനായി നില്‍ക്കുന്ന ഞങ്ങളുടെ ഷൈന്‍ നിഗത്തിനെ.എനിക്കുറപ്പാണ് എന്റെ സ്വപ്നം ഫലിക്കുമെന്നും അവന്‍ വിജയിക്കുമെന്നും കാരണം എന്റെ സ്വപ്നം ‘കിസ്മത്ത്’ സാക്ഷാത്കരിക്കാന്‍ ‘കാരവാന്‍’ ഇല്ലാതെ ‘ഏ സി സ്യൂട്ട് ‘റൂമില്ലാതെ ‘പ്രതിഫലം’ വാങ്ങാതെ കൂടെ നിന്ന ഷൈന്‍ നിഗം എന്ന നെഞ്ച് നിറയെ സ്‌നേഹമുള്ള മനുഷ്യനെ.

NB സ്വപ്നത്തിന്റെ അവസാനം ഞാന്‍ ഞെട്ടി ഉണര്‍ന്ന കാഴ്ച കൂടി പറയട്ടെ ‘കിസ്മത്ത്’ എന്ന സിനിമ യുടെ പ്രൊഡ്യൂസര്‍ ‘ഷൈലജ മണികണ്ഠനെ’ അസോസിയേഷന്‍ മെമ്പര്‍ഷിപ്പ് ലഭിക്കാന്‍ ഇന്റര്‍വ്യൂ ചെയ്ത അടുത്ത കാലത്തൊന്നും സിനിമ ചെയ്യാത്ത ആ ചേട്ടന്റെ വാക്കുകള്‍.’ ഇത്തരം സിനിമകള്‍ തിയറ്ററില്‍ ഓടില്ല നിങ്ങടെ കാശ് പോകും വേഗം രക്ഷപ്പെട്ടൊളൂ’

Exit mobile version