കൊച്ചി: ഡിജിപിയ്ക്ക് പരാതി നല്‍കിയതിന് പിന്നാലെ സംവിധായകന് ശ്രീകുമാറിനെതിരെ ഫെഫ്കയിലും പരാതി നല്‍കിയിരിക്കുകയാണ് മഞ്ജു വാര്യര്‍. സംഘടനയുടെ അറിവിലേക്ക് എന്ന തരത്തില്‍ ശ്രീകുമാര്‍ മേനോനില്‍ നിന്ന് നേരിട്ട ഭീഷണികള്‍ തുറന്നു പറഞ്ഞു കൊണ്ടാണ് താരം പരാതി കത്ത് നല്‍കിയിരിക്കുന്നത്. താരത്തിന്റെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് ഫെഫ്ക അറിയിച്ചു.
അതേസമയം പോലീസ് അന്വേഷണത്തില്‍ ഇടപെടാതെ സംഭവം പരിശോധിക്കാനാണ് ഫെഫ്ക തീരുമാനിച്ചിരിക്കുന്നത്. സംഘടനയിലെ ഭാരവാഹികളോട് ഫോണില്‍ വിളിച്ചും താരം ശ്രീകുമാര്‍ മേനോനില്‍ നിന്ന് നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് പരാതിപ്പെട്ടിട്ടുണ്ട്. അതേസമയം മഞ്ജു താരസംഘടനയായ ‘എഎംഎംഎ’യ്ക്കും പരാതി നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേ സമയം മഞ്ജു വാര്യരുടെ പരാതിയില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് താരം തന്നെ സംവിധായകന് ശ്രീകുമാര്‍ മേനോന് അപകടത്തില്‍ പെടുത്തുമെന്ന് ഭയമുണ്ടെന്നും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും കാണിച്ച് ഡിജിപിക്ക് പരാതി നല്‍കിയത്. ശ്രീകുമാര്‍ മേനോന് തനിക്കൊപ്പം നില്‍ക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു. നടി എന്ന നിലയില്‍ തന്നെ തകര്‍ക്കാന്‍ സംഘടിതമായ നീക്കം നടത്തുകയാണ് തുടങ്ങിയവയായിരുന്നു പരാതിയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ താന്‍ ഈ പരാതിയെ കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളില്‍ നിന്നാണെന്ന് പറഞ്ഞ് ശ്രീകുമാര്‍ മേനോനും രംഗത്ത് എത്തിയിട്ടുണ്ട്. അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കുമെന്നും സത്യം ബോധ്യപ്പെടുത്തുമെന്നും ശ്രീകുമാര്‍ മേനോന് പറഞ്ഞു.
Discussion about this post