ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ ജീവിതകഥ പറയുന്ന ചിത്രം ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ തീയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ മന്മോഹന് സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ ആസ്പദമാക്കി വിജയ് ഗുട്ടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ബോളിവുഡ് നടന് അനുപം ഖേറാണ് സ്ക്രീനില്‍ മന്മോഹന് സിംഗിനെ അവതരിപ്പിച്ചത്. ചിത്രം കണ്ടതിനുശേഷം മന്മോഹന് സിംഗിനെക്കുറിച്ച് അനുപം ഖേറിന്റെ അമ്മ ദുലാരി ഖേര്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അനുപം ഖേര്‍ വീഡിയോ ആരാധകരുമായി പങ്കുവെച്ചത്. ‘എല്ലാ നിരൂപണങ്ങളുടെയും അമ്മ: ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ദുലാരി കണ്ടു. ചിത്രത്തെക്കുറിച്ച് അവരുടെ നിരൂപണം ഈ ഒരു മിനിട്ട് വീഡിയോയയില്‍ കേള്‍ക്കാമെന്ന’ അടിക്കുറിപ്പോടെ താരം പങ്കുവെച്ച വീഡിയോ നിരവധിയാളുകളാണ് ഇതിനകം കണ്ടത്.
‘മന്മോഹന് സിംഗിനെ എനിക്ക് വളരെ ഇഷ്ടമാണ്. ഒരു പാവത്താനായ അദ്ദേഹം വളരെ മാന്യനായ വ്യക്തിയാണ്. ദൂരെനിന്ന് മാന്യനായി തോന്നുന്ന ഒരു വ്യക്തിയെ ആളുകള്‍ വിഢ്ഡിയായി കരുതും. എന്നാല്‍ അവര്‍ വളരെയധികം ബുദ്ധിയുള്ളവരാണെന്ന് ആളുകള്‍ക്ക് അറിയില്ല’-ദുലാരി ഖേര്‍ വീഡിയോയില്‍ പറഞ്ഞു. തന്റെ മകനാണ് ചിത്രത്തില്‍ മന്മോഹന് സിംഗായി എത്തിയതെന്ന് തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് ദുലാരിയുടെ ആദ്യ പ്രതികരണം. ചിത്രം നന്നായി ഇഷ്ടപ്പെട്ടുവെന്നും എല്ലാവര്ക്കും ചിത്രം ഇഷ്ടപ്പെടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം മന്മോഹന് സിംഗിനെക്കുറിച്ച് അമ്മ ദുലാരിയുടെ നിരീക്ഷണം വളരെ ശരിയാണെന്നും അമ്മയുടെ നിരൂപണം തനിക്ക് ലഭിച്ച ഏറ്റവും മികച്ച ബഹുമതിയാണെന്നും അനുപം ഖേര്‍ പറഞ്ഞു.
Discussion about this post