ബിസിസിഐയില്‍ സുപ്രീംകോടതിയുടെ അഴിച്ചുപണി; വിനോദ് റായി ഇടക്കാല ചെയര്മാന്
ന്യൂഡല്‍ഹി: അഴിമതി വിരുദ്ധ പോരാട്ടങ്ങളിലൂടെ ഇന്ത്യന്‍ രാഷ്ട്രീയ വൃത്തങ്ങളില്‍ പ്രസിദ്ധനായ മുന്‍ കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായിയെ ഇടക്കാല അധ്യക്ഷനാക്കി ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന്റെ (ബിസിസിഐ) ഭരണസമിതിയില്‍ സുപ്രീംകോടതിയുടെ അഴിച്ചുപണി. കേന്ദ്ര കായിക വകുപ്പു സെക്രട്ടറിയെ ഭരണസമിതിയില്‍ അംഗമാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അപേക്ഷ തള്ളിയ കോടതി, ചരിത്രകാരനും ക്രിക്കറ്റ് ഗവേഷകനുമായ രാമചന്ദ്ര ഗുഹ, മുന്‍ വനിതാ ടെസ്റ്റ് ടീം അംഗം ഡയാന എഡുല്‍ജി, ഐഡിഎഫ്സി എംഡി വിക്രം ലിമായെ എന്നിവരെ ഭരണസമിതി അംഗങ്ങളായി തിരഞ്ഞെടുത്തു. വിക്രം ലിമായെ, അമിതാഭ് ചൗധരി, അനിരുദ്ധ് ചൗധരി എന്നിവര്‍ ഐസിസി പ്രതിനിധികളാകും.
മന്ത്രിമാരും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും ബിസിസിഐ ഭാരവാദിത്വം വഹിക്കുന്നതിനെതിരെ മുന്‍പ് പുറപ്പെടുവിച്ച വിധി ചൂണ്ടിക്കാട്ടിയാണ് കായിക വകുപ്പു സെക്രട്ടറിയെ ഭരണസമിതി അംഗമാക്കാനുള്ള കേന്ദ്രത്തിന്റെ അപേക്ഷ സുപ്രീം കോടതി തള്ളിയത്. ഭരണസമിതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി ബിസിസിഐ നിര്‍ദ്ദേശിച്ച ഒന്‍പതു പേരുകളും സുപ്രീം കോടതി സമ്പൂര്‍ണമായി വെട്ടി. ബിസിസിഐയുമായോ ഏതെങ്കിലും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുമായോ ഒരു ബന്ധവുമില്ലാത്തവരാണ് ഇടക്കാല പ്രസിഡന്റും ഭരണസമിതി അംഗങ്ങളുമെന്നത് ശ്രദ്ധേയമാണ്.
രണ്ടാം യുപിഎ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ടുജി സ്പെക്ട്രം അഴിമതി ഉള്‍പ്പെടെയുള്ള അഴിമതി ഇടപാടുകളുടെ കള്ളക്കണക്കുകള്‍ വള്ളിപുള്ളി വിടാതെ ചികഞ്ഞെടുത്ത ഉദ്യോഗസ്ഥനാണ് ഇടക്കാല പ്രസിഡന്റായി നിയമിതനായിരിക്കുന്ന വിനോദ് റായ്. കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) പദവിയിലിരുന്നു കേന്ദ്രമന്ത്രിയുടെ കസേര തെറിപ്പിച്ച ഉദ്യോഗസ്ഥന് കൂടിയാണ് റായ്. ലക്നൗ സ്വദേശിയായ ഇദ്ദേഹം 1972 ഐഎഎസ് ബാച്ചിലെ കേരള കേഡര്‍ ഉദ്യോഗസ്ഥനാണ്.
ഐക്യരാഷ്ട്ര സംഘടനയുടെ ഓഡിറ്റര്‍മാരുടെ പാനലിന്റെ ചെയര്‍മാനായിരുന്നു. അമേരിക്കയിലെ ഹാവാര്‍ഡ് സര്‍വകലാശാലയില്‍നിന്ന് എംബിഎ ബിരുദം നേടിയിട്ടുള്ള വിനോദ് റായി കേന്ദ്ര ധനവകുപ്പില്‍ ജോയിന്റ് സെക്രട്ടറി, അഡിഷനല്‍ സെക്രട്ടറി, സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. തൃശൂര്‍ സബ് കലക്ടറായും കലക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാര്‍ക്കറ്റിങ് ഫെഡറേഷന്, കേരഫെഡ് എന്നിവയുടെ എംഡി സ്ഥാനവും വഹിച്ചു.
അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം, ബിസിസിഐ, കേന്ദ്രസര്‍ക്കാര്‍, സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ എന്നിവരുടെ വാദം കേട്ടശേഷമാണ് കോടതി തീരുമാനമെടുത്തത്. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Read more news : www.bignewslive.com
Follow us on facebook : www.facebook.com/bignewslive
Comments
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+m to swap language)