മഞ്ജു വാര്യരെ തടഞ്ഞു വച്ച് ഭീഷണിപ്പെടുത്തിയ സംഭവം, പ്രതിഷേധത്തിന് ഒരുങ്ങി വനിതാ സിനിമാ പ്രവര്‍ത്തകര്‍; മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കും, പോലീസിനെതിരേയും പരാതി

കൊച്ചി: സിനിമാ ഷൂട്ടിങ്ങിനിടെ തിരുവനന്തപുരത്തെ ചെങ്കല്‍ചൂള കോളനിയില്‍ നടി മഞ്ജു വാര്യരെ തടഞ്ഞു വച്ച് ഭീഷണിപ്പെടുത്തിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി വനിതാ സിനിമാ പ്രവര്‍ത്തകര്‍. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ ഇന്ന് പരാതി നല്‍കും. മഞ്ജു വാര്യര്‍ക്കൊപ്പം പാര്‍വ്വതിയും റിമാ കല്ലിങ്കലും രമ്യയും അഞ്ജലി മേനോനും ബീനാ പോളും സജിതാ മഠത്തിലും ദിദീ ദാമോദരനും ഉണ്ടാകും. വൈകിട്ട് നാലു മണിക്കാണ് മുഖ്യമന്ത്രി സമയം അനുവദിച്ചിരിക്കുന്നത്. ഇതിന് ശേഷം മഞ്ജു വാര്യര്‍ മാധ്യമങ്ങളേയും കാണുമെന്നാണ് അറിയുന്നത്. ചെങ്കല്‍ചൂളയില്‍ മതിയായ സുരക്ഷയൊരുക്കാന്‍ പൊലീസ് വീഴ്ച വരുത്തിയെന്നാണ് ആക്ഷേപം. മഞ്ജു വാര്യര്‍ അഭിനയിക്കുന്ന പുതിയ സിനിമയുടെ ഷൂട്ടിങ് സ്ഥലത്ത് രണ്ട് ദിവസമായി ചെറിയ പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നു. കോളനിയിലെ ചിലര്‍ ഷൂട്ടിങ് തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ചെവ്വാഴ്ച ഇത് വാക്കേറ്റത്തിലേക്കും സംഘര്‍ഷത്തിലേക്കും എത്തിച്ചു. സെറ്റിലെ ചിലര്‍ ഇടപെട്ടാണ് അന്ന് ഷൂട്ടിങ് മുടങ്ങാതെ നോക്കിയത്. ഇതിന് പ്രതികാരം തീര്‍ക്കാനെത്തിയ സംഘമാണ് ഷൂട്ടിങ് അലങ്കോലപ്പെടുത്തിയത്. പോലീസുകാരൊന്നും സ്ഥലത്തുണ്ടായിരുന്നുമില്ല. മഞ്ജു വാര്യരെ തടഞ്ഞു വയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെങ്കിലും നടിയെ കൈകാര്യം ചെയ്യാന്‍ ആരും മുതിര്‍ന്നില്ല. ചെങ്കല്‍ ചൂളയിലെ പ്രാദേശിക പ്രശ്‌നങ്ങളെ ചില ഫാന്‍സ് നേതാക്കള്‍ ഏറ്റെടുത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഷൂട്ടിങിന് വിഘ്‌നം ഉണ്ടാകാതിരിക്കാന്‍ ആര്‍ക്കെതിരേയും ആരും പരാതിയും നല്‍കിയില്ല. അതിനിടെ ചെങ്കല്‍ചൂളയില്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് മതിയായ സുരക്ഷ ഒരുക്കാമെന്ന് പോലീസ് അറിയിക്കുകയും ചെയ്തു. ലോക്കല്‍ പോലീസിനെ അറിയിക്കാതെ കമ്മീഷണറുടെ അടുത്ത് പോയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ലോക്കല്‍ പോലീസിനെ അറിയിച്ചാല്‍ മാത്രമേ സുരക്ഷ നല്‍കാനാകൂവെന്നായിരുന്നു പോലീസിന്റെ നിലപാട് നിലപാട്. അതേ സമയം ചെങ്കല്‍ ചൂളയിലെ സംഭവത്തെ ഗൗരവത്തോടെ കാണാനാണ് മഞ്ജുവിന്റെ തീരുമാനം. ഇപ്പോള്‍ രൂപികരിച്ച സിനിമയിലെ വനിതാ താരങ്ങളുടെ കൂട്ടായ്മയെ കുറിച്ച് മഞ്ജുവിന്റെ നേതൃത്വത്തില്‍ കുറച്ചു നാളായി ചര്‍ച്ചകള്‍ സജീവമായിരുന്നു. ഈ സാഹചര്യത്തില്‍ ഈ സംഘടനയെ ശക്തമാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായാണ് സംഘടനയുടെ കീഴില്‍ മുഖ്യമന്ത്രിയെ കാണാന്‍ ഒരുങ്ങുന്നത്. സെറ്റിലും മറ്റും നടികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പോലീസിന് ഗുരുതരമായ വീഴ്ചയുണ്ടാകുന്നുണ്ട്. ചെങ്കല്‍ചൂളയില്‍ സംഭവിച്ചത് ഇതാണെന്നാണ് മഞ്ജു പറയുന്നത്. ചെങ്കല്‍ചൂളയില്‍ ഷൂട്ടിങ് നടക്കുന്നത് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ ലോക്കല്‍ പോലീസിനോട് കാര്യങ്ങള്‍ പറഞ്ഞതുമില്ല. ഷൂട്ടിങ് സ്ഥലത്ത് പ്രശ്‌നം തുടങ്ങിയപ്പോള്‍ ലോക്കല്‍ എസ്‌ഐ ബന്ധപ്പെട്ടു. എന്നാല്‍ സുരക്ഷ നല്‍കിയതുമില്ല. പകരം രണ്ട് ദിവസത്തിനകം പ്രശ്‌നമുണ്ടാകുമെന്ന് അണിയറക്കാരോട് ലോക്കല്‍ പോലീസിലെ ചിലര്‍ തന്നെ പറയുകയും ചെയ്തതായാണ് അറിയുന്നത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)