വീരം 100 കോടി ക്ലബിലെത്തും; തന്റെ സിനിമക്ക് അനുയോജ്യരായ മലയാള താരങ്ങളെ കിട്ടിയില്ലെന്ന് ജയരാജ്; ആദ്യം പരിഗണിച്ചത് നിവിന്‍ പോളിയെയും മോഹന്‍ലാലിനെയും

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ ജയരാജ് സിനിമകള്‍ പലപ്പോഴും തീയറ്റര്‍ റിലീസിന് മുമ്പ് ദേശീയ തലത്തില്‍ തന്നെ ചര്‍ച്ച ആവാറുണ്ട്. ഒറ്റാലും അങ്ങനെ ആയിരുന്നു. അതിന് ശേഷമാണ് നവരസം സീരിസിലെ അഞ്ചാമത്തേതാതായ വീരം വരുന്നത്. തീം സോങ്ങിന് കിട്ടിയ ഓസ്‌കാര്‍ നോമിനേഷന്‍ മുതല്‍ വലിയ രാജ്യാന്തര വേദികള്‍ വരെ പലതും വീരത്തെയും ശ്രദ്ധേയമാക്കിയിട്ടുണ്ട്. ഷേക്സ്പിയര്‍ നാടകങ്ങളോടുള്ള ഇഷ്ടം ജയരാജ് ഇവിടെയും തുടരുന്നു. മാക്‌ബെത്തും ചന്തുവും കടന്നു പോകുന്ന അതിവൈകാരിക അവസ്ഥകളെ ഒരു ഇതരഭാഷാ നടന്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നത് പ്രേക്ഷകര്‍ക്ക് ആശങ്കതന്നെയായിരുന്നു. ഉണ്ണിയാര്‍ച്ചയായത് ദക്ഷിണാഫ്രിക്കയില്‍ ജനിച്ച് വളര്‍ന്ന ഹിമാര്‍ഷ വെങ്കടസ്വാമിയാണ്. ദിവിനാ ഠാക്കൂര്‍ കുട്ടിമാണി ആകുന്നു. മറ്റ് പ്രധാന അഭിനേതാക്കളും കേരളത്തിന് പുറത്ത് നിന്നുള്ളവരും താരതമ്യേന പുതുമുഖങ്ങളുമാണ്. അത് കരുതിക്കൂട്ടി എടുത്ത തീരുമാനമാണെന്നാണ് സംവിധായകന്‍ പറയുന്നു . മലയാളസിനിമയില്‍ മാറ്റത്തിന്റെ കാറ്റുവീശുകയാണ്. കോടികള്‍ ചിലവഴിച്ച് സാങ്കേതികതയുടെ പകര്‍ന്നെതയോടെ ഒരുക്കിയ വീരം എന്ന മലയാള സിനിമയെക്കുറിച്ച് സംവിധായകന്‍ ജയരാജുമായി ബിഗ് ന്യൂസിന് വേണ്ടി ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ നടത്തിയ അഭിമുഖം. *എന്തുകൊണ്ടാണ് മലയാളത്തില്‍ നിന്ന് പ്രമുഖ താരങ്ങളെയൊന്നും ഈ സിനിമക്കായി ഉപയോഗിക്കാതിരുന്നത് ?പ്രധാനകഥാപാത്രങ്ങളെല്ലാം അന്യഭാഷാ നടന്മാര്‍. എന്തായിരുന്നു കാരണം? *മലയാളത്തില്‍ നിന്ന് രണ്ട് നടന്മാരോടാണ് ഈ സിനിമയുടെ കഥ ചര്‍ച്ച ചെയ്യത്. ഒന്ന് മോഹന്‍ലാലിനോടും മറ്റൊന്ന് നിവിന്‍ പോളിയോടും. അവരെ രണ്ടുപേരെയും ഈ സിനിമയുടെ ഭാഗമാക്കണമെന്ന് ഉറപ്പിച്ചതാണ്. തിരക്കഥ മുഴുവന്‍ കേട്ടിട്ടും സിനിമക്കായി മോഹന്‍ലാല്‍ ഓകെ പറഞ്ഞില്ല. മാസങ്ങള്‍ നീളുന്ന കളരി പരിശീലനങ്ങള്‍ക്കായി സമയം മാറ്റിവെക്കാനില്ല എന്നതായിരുന്നു കാരണം. നിവിന്‍ പോളിയും ഇതാണ് കാരണം പറഞ്ഞത്. നാല് വര്‍ഷം മുമ്പാണ് നിവിന്‍ പോളിയോട് സിനിമയുടെ കാര്യം വിശദമായി പറഞ്ഞത്. പക്ഷെ മെയ് വഴക്കമുണ്ടാക്കാന്‍.. അതിന് സമയം കൊടുക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. മലയാളത്തില്‍ തന്റെ സിനിമക്കായി മെയ് വഴക്കം പ്രകടിപ്പിക്കുന്ന ഒരാളെയും എനിക്ക് കാണാന്‍ കഴിഞ്ഞില്ല. കളരി 'വീര 'ത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നായതിനാല്‍ അതില്‍ വിട്ടുവീഴ്ച്ച ചെയ്യാനാവുമായിരുന്നില്ല. അതുകൊണ്ട് തന്റെ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ അന്യഭാഷാ നടന്മാരെ പരിഗണിച്ചു. സിനിമ കാണുമ്പോള്‍ തന്നെ മനസ്സിലാകും തന്റെ തീരുമാനം ശരിയായിരുന്നുവെന്ന്. *വീരം നൂറുകോടി ക്ലബില്‍ കയറുമോ? നേരത്തേ പുലിമുരുകന്‍ നൂറുകോടി ക്ലബിലെത്തും മുമ്പ് വീരമായിരിക്കും മലയാളത്തില്‍ ആദ്യമായി നൂറുകോടി ക്ലബിലെത്തുക എന്നാണ് നിങ്ങള്‍ പറഞ്ഞിരുന്നത്. പുലിമുരുകന്‍ നൂറുകോടിയിലെത്തി. ഇനി വീരം? *വീരം നൂറുകോടി ക്ലബില്‍ കയറുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. വിശ്വാസം കേവലം അലങ്കാരമായി പറഞ്ഞതല്ല. ഇംഗ്ലിഷ്, ഹിന്ദി പതിപ്പുകള്‍ കൂടി റിലീസാകുന്നതോടെ തീര്‍ച്ചയായും എന്റെ സിനിമ വിരം 100 കോടി ക്ലബിലെത്തും. അടുത്ത മാസത്തോടെ സിനിമയുടെ ഇംഗ്ലിഷ്, ഹിന്ദി പതിപ്പുകള്‍ റിലീസാകും. *വീരം സിനിമയെ മലയാളപേക്ഷകര്‍ സ്വീകരിച്ചതായി തോന്നുന്നുണ്ടോ? സിനിമയില്‍ നഗ്‌നപൂജയടക്കം ചില കിടപ്പറ രംഗങ്ങളും കുടുംബ പ്രേക്ഷകരെ തിയ്യേറ്ററുകളില്‍ നിന്ന് അകറ്റുന്നതായി വിവിധ കോണുകളില്‍ നിന്ന് കേള്‍ക്കുന്നുണ്ടല്ലോ *മാക്‌ബെത്ത് എന്ന നാടകത്തിനെ വടക്കന്‍ പാട്ടുകളിലെ ചന്തുവിന്റെയും കുട്ടിമാണിയുടെയും കഥകളിലൂടെ പറഞ്ഞതാണ് വീരം എന്ന സിനിമ. നാടകത്തിലെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ദുര്‍മന്ത്രവാദത്തെ ചിത്രീകരിക്കാന്‍ നഗ്‌നപൂജ ഒഴിവാക്കാനാവില്ല. ചിലയിടങ്ങളില്‍ കുടുംബപ്രേക്ഷകര്‍ നെറ്റിചുളിച്ചുവെങ്കിലും അത്തരം രംഗങ്ങളൊക്കെ ഏറ്റവും കലാപരമായി തന്നെയാണ് ചിത്രീകരിച്ചത്. എനിക്കതില്‍ ഖേദവുമില്ല. ഇത്തരം രംഗങ്ങളെ ആ രീതിയില്‍ ഉള്‍കൊള്ളാവുന്ന കുടുംബപ്രേക്ഷകര്‍ ഇപ്പോള്‍ യഥേഷ്ടം വളര്‍ന്നുവന്നിട്ടുണ്ട്. പ്രതീക്ഷിച്ചതുപോലെ മലയാളി പ്രേക്ഷക സമൂഹം വീരത്തെ ഉള്‍കൊണ്ടിട്ടില്ല. എന്നാലും ഇത് മലയാള സിനിമയുടെ ലോകസിനിമയിലേക്കുള്ള കവാടമായി ഞാന്‍ കാണുന്നു. നിരവധി റിവ്യൂകളും ഇക്കാര്യം വ്യക്തമായിതന്നെ പറയുന്നുണ്ട്. *സിനിമയിലെ പല രംഗങ്ങളും സ്ത്രീവിരുദ്ധമാണെന്നുള്ള ആരോപണത്തെ എങ്ങനെ കാണുന്നു? *സ്ത്രീവിരുദ്ധമായ ഭാഗങ്ങള്‍ സിനിമകളില്‍ കടന്നുവരുന്നു എന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വീരത്തിലെ പല രംഗങ്ങളും വിമര്‍ശന വിധേയവുമാണ്. നിലവിലെ വിവാദങ്ങളില്‍ പ്രതികരിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. ഞാന്‍ അത്തരം കാര്യങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നുമില്ല. എന്റെ സിനിമയില്‍ സ്ത്രീവിരുദ്ധമായതൊന്നുമില്ല. സിനിമയെ സിനിമയായി കാണാന്‍ പ്രേക്ഷകര്‍ തയ്യാറാകണം . (മാധ്യമപ്രവര്‍ത്തകനും,അധ്യാപകനുമാണ് ലേഖകന്‍. 9946025819)

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)