ന്യൂഡൽഹി: രാജ്യത്ത് ഇനി കുഞ്ഞുങ്ങളുടെ ജനന രജിസ്ട്രേഷന് മാതാപിതാക്കളുടെ മതം പ്രത്യേകം കോളങ്ങളിലായി രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട കരട് ചട്ടം കേന്ദ്രസർക്കാർ പുറത്തിറക്കി. മുൻപ് കുഞ്ഞിന്റെ കുടുംബത്തിന്റെ മതം എന്ന ഒരു കോളം മാത്രമായിരുന്നു ജനന സർട്ടിഫിക്കറ്റിൽ ഉണ്ടായിരുന്നത്.
കുട്ടിയുടെ ജനനം രജിസ്ട്രർ ചെയ്യുമ്പോൾ പിതാവിന്റെയും മാതാവിന്റെയും മതം പ്രത്യേകം രേഖപ്പെടുത്തുന്നതിന് ഇനി മുതൽ കോളങ്ങൾ ഉണ്ടാകും. കുട്ടിയെ ദത്തെടുക്കലിലും ഈ നിയമം ബാധകമായിരിക്കും. നിയമം പ്രാബല്യത്തിലാകുന്നതിന് മുൻപ് സംസ്ഥാന സർക്കാരുകൾ വിജ്ഞാപനം ചെയ്യണമെന്നും സംസ്ഥാന സർക്കാരിന്റെ അംഗീകാരവും വേണമെന്നും കരടിൽ പറയുന്നു.
സ്കൂൾ പ്രവേശനം, ഡ്രൈവിംഗ് ലൈസൻസ്, വോട്ടർ പട്ടിക, ആധാർ നമ്പർ, വിവാഹ രജിസ്ട്രേഷൻ, സർക്കാർ ജോലിയിലേക്കുള്ള നിയമനം എന്നിവയ്ക്ക് ജനന സർട്ടിഫിക്കറ്റ് ഒരൊറ്റ രേഖയായി ഉപയോഗിക്കാൻ സാധിക്കുന്ന ജനന-മരണ രജിസ്ട്രേഷൻ ഭേദഗതി ബിൽ 2023 കഴിഞ്ഞ മൺസൂൺ സമ്മേളനത്തിൽ പാർലമെന്റ് പാസാക്കിയിരുന്നു.
ഇതോടെ പൊതുസേവനങ്ങളും സാമൂഹിക ആനുകൂല്യങ്ങളും കാര്യക്ഷമവും സുതാര്യവുമാകുമെന്നാണ് സർക്കാർ വിലയിരുത്തൽ.
Discussion about this post