തനിക്ക് നേരിട്ട അതിക്രമത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുമായി ചലച്ചിത്ര താരം ഭാവന. താൻ ഇരയല്ല അതിജീവിതയാണെന്ന് ഭാവന പറഞ്ഞു. പ്രമുഖ ഇന്ത്യൻ മാധ്യമപ്രവർത്തകയായ ബർക്ക ദത്ത് നടത്തുന്ന ‘വി ദി വുമൺ’ എന്ന പരിപാടിയിലാണ് ഭാവന തന്റെ അനുഭവങ്ങൾ തുറന്നു പറയുന്നത്. മോജോ സ്റ്റോറി എന്ന യൂട്യൂബ് ചാനലിലൂടെയാണ് പരിപാടി സംപ്രേഷണം ചെയ്തത്.
തന്റെ അച്ഛൻ ജീവിച്ചിരുന്നെങ്കിൽ ഇതൊരിക്കലും സംഭവിക്കില്ലായിരുന്നെന്നും ഭാവന പറഞ്ഞു.’സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങൾ വളരെയധികം വേദനിപ്പിച്ചു. ഇൻസ്റ്റഗ്രാം വഴി പലരും ചോദിച്ചത് എന്തുകൊണ്ട് ആത്മഹത്യ ചെയ്തില്ല എന്നൊക്കെയാണ്. അതോടൊപ്പം തന്നെ നിരവധി പേർ പിന്തുണയറിക്കുകയും ചെയ്തിരുന്നു. ഞാൻ ഉണ്ടാക്കിയ നാടകമാണ് ഇതെന്ന് പലരും പറഞ്ഞു.
പലരും എന്റെ കുടുംബത്തെയടക്കം അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു. കള്ളക്കേസ് എന്ന് വരെ അപവാദപ്രചാരണമുണ്ടായി. ചിലർ ഇത്തരത്തിലൊക്കെ കുറ്റപ്പെടുത്തിയപ്പോൾ വല്ലാതെ തകർന്നുപോയി,’ ഭാവന പറയുന്നു.സംഭവത്തിൽ തന്നെ പിന്തുണച്ച എല്ലാവർക്കും ഭാവന നന്ദി അറിയിക്കുകയും ചെയ്തു.’നിരവധി പേർ എനിക്ക് പിന്തുണയറിയിച്ചിരുന്നു. എന്നോടൊപ്പം നിന്നവർക്ക് നന്ദി അറിയിക്കുകയാണ്.
കേസിൽ വിജയം കാണുന്നത് വരെ പോരാട്ടം തുടരും. ആത്മാഭിനത്തിനായുള്ള പോരാട്ടമാണ് അത് തുടരുക തന്നെ ചെയ്യും. ഈ അഞ്ച് വർഷത്തോളുമുള്ള യാത്ര ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു.ഇപ്പോഴും എനിക്ക് പേടിയുണ്ട്. നീതിക്ക് വേണ്ടി പോരാടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല,’ ഭാവന പറഞ്ഞു.ഡബ്ള്യൂ.സി.സി തനിക്ക് ഒരുപാട് ധൈര്യം തന്നൂവെന്നും അതോടൊപ്പം തന്നെ പലരും തനിക്ക് സിനിമകളിൽ അവസരം നിഷേധിക്കുകയും ചെയ്തൂവെന്ന് ഭാവന പറയുന്നു.
‘പലരും എനിക്ക് മലയാള സിനിമയിൽ അവസരം നിഷേധിച്ചിട്ടുണ്ട്. എന്നാൽ മലയാളത്തിൽ തന്നെ എന്റെ പല സുഹൃത്തുക്കളും സിനിമയിൽ അവസരം തരികയും ചെയ്തിട്ടുണ്ട്. പൃഥ്വിരാജ്, ജയസൂര്യ, ഷാജി കൈലാസ്, ആഷിഖ് അബു അങ്ങനെ ഒരുപാട് പേർ എനിക്ക് അവസരം തരാമെന്ന് പറഞ്ഞ് എന്നെ സമീപിച്ചിരുന്നു.ഞാൻ തെറ്റുകാരിയല്ലെന്ന് തെളിയിക്കണമെന്നും ഭാവന പറഞ്ഞു.
Discussion about this post