ലഖ്നൗ: പലതരം പരസ്യങ്ങൾ കണ്ടിട്ടുണ്ടെങ്കിലും രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുന്ന ഒരു പരസ്യമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. തൊഴിലൊന്നുമില്ലാതെ ഗുണ്ടാ പണിക്ക് ഇറങ്ങിയ യുവാക്കളുടെ മാഫിയ സംഘമാണ് തങ്ങളുടെ പണം വാങ്ങിയുള്ള ‘സേവനങ്ങൾ’ പരസ്യം ചെയ്ത് വ്യത്യസ്തരായിരിക്കുന്നത്.
ഉത്തർപ്രദേശിലെ മുസഫർനഗറിലെ ഗുണ്ടാ സംഘമാണ് പരസ്യം നൽകിയിരിക്കുന്നത്. തോക്ക് പിടിച്ച് നിൽക്കുന്ന ഒരു യുവാവിന്റെ ഫോട്ടോ മോഡലായി നൽകിയിട്ടുമുണ്ട്. തങ്ങൾ നൽകുന്ന സേവനങ്ങളും അവയുടെ ഫീസ് നിരക്കും ഉൾപ്പടെ വിശദമായ പട്ടിക തന്നെ പോസ്റ്ററായി അച്ചടിപ്പിച്ചിരിക്കുകയാണ്.
ഭീഷണിപ്പെടുത്തൽ, തല്ല്, ആളുകളെ പരിക്കേൽപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, കൊലപാതകം വരെ പണം വാങ്ങി ചെയ്തുകൊടുക്കുമെന്നാണ് സംഘത്തിന്റെ പരസ്യം. ഭീഷണിപ്പെടുത്തുന്നതിന് 1000, മർദ്ദനത്തിന് 5000, കയ്യോ, കാലോ ഒടിക്കണമെങ്കിൽ 10,000, കൊലപാതകമാണെങ്കിൽ 55000 എന്നിങ്ങനെ പോകുന്നു നിരക്കുകൾ. ഭൂമിതർക്കങ്ങൾ പരിഹരിക്കുമെന്നും, തങ്ങളുടെ സർവീസ് തൃപ്തികരമായിരിക്കുമെന്നും പോസ്റ്ററിലുണ്ട്.
അതേസമയം, സാമൂഹിക സുരക്ഷിതത്വത്തെ തന്നെ തകർക്കുന്ന ഗുണ്ടാവിളയാട്ടം സ്വയം തൊഴിൽ സംരംഭമായി കണ്ട് പരസ്യം ചെയ്യാൻ കാണിച്ച ആ മനസ് ആരും കാണാതെ പോകരുതെന്നാണ് സോഷ്യൽമീഡിയയ്ക്ക് പറയാനുള്ളത്. പോസ്റ്റർ വൈറലായതോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post