രണ്ടര വയസുകാരനായ അനുജന്റെയും മാനസിക രോഗിയായ അമ്മയുടെയും ഉത്തരവാദിത്ത്വം ചുമലിലേറ്റിയ ഒമ്പതു വയസുകാരി; സ്തുതിക്കണം ഫാത്തിമയെന്ന ഈ 'വലിയ' കുട്ടിയെ

കൊച്ചി: കൂട്ടുകാരുമൊത്ത് കളിച്ചു നടക്കേണ്ട പ്രായത്തില്‍ രണ്ടര വയസുകാരനായ അനുജന്റെയും മാനസിക രോഗിയായ അമ്മയുടെയും ഉത്തരവാദിത്ത്വം മുഴുവന്‍ ചുമലിലേറ്റിയവളാണ് ഒമ്പതു വയസുകാരി ഫാത്തിമ. ജിഎംബി ആകാശ് എന്ന പ്രശസ്ത ഫോട്ടോഗ്രാഫറാണ് മനുഷ്യമനസിനെ തൊട്ടുണര്‍ത്തിയ ഫാത്തിമയുടെ കഥ ലോകത്തോടു പങ്കുവച്ചത്. അന്തിയുറങ്ങാന്‍ ഒരു വീടില്ലാതിരുന്ന ഫാത്തിമയും അനുജനും അമ്മയും ഒരു മരച്ചുവട്ടിലാണ് കഴിഞ്ഞിരുന്നത്. അമ്മ മാനസിക രോഗിയായ നാള്‍തൊട്ട് കുടുംബത്തിന്റെ ഉത്തരവാദിത്തമെല്ലാം ഏറ്റെടുത്ത ഫാത്തിമയ്ക്ക് തന്നെ ആരെങ്കിലും കുട്ടി എന്നു പറയുന്നത് ഇഷ്ടമായിരുന്നില്ല. ഒന്‍പത് വയസേ ഉള്ളൂവെങ്കിലും മനസ്‌കൊണ്ട് പക്വതയാര്‍ന്ന ഫാത്തിമ പറയുന്നതിങ്ങനെ. ''എന്നെ ഒരു കുട്ടിയായി ആരെങ്കിലും കരുതുന്നത് എനിക്കിഷ്ടമല്ല. എനിക്ക് ഒമ്പതു വയസുണ്ട്. എന്റെ ഇളയ സഹോദരന്‍ രണ്ടരവയസുകാരനാണ്, അവന്‍ ഒരു കുഞ്ഞാണ് പക്ഷേ ഞാന്‍ കുട്ടിയല്ല. ഞാന്‍ ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ ഒരു വര്‍ഷമായി. അമ്മയ്ക്ക് മാനസിക രോഗം ആയതുമുതല്‍ ഞാന്‍ പണിക്കു പോകുന്നുണ്ട്. അച്ഛന്‍ ഞങ്ങളെ വിട്ടുപോയതു മുതല്‍ വളരെ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. ഉറങ്ങാനൊരിടമോ പോകാനൊരു സ്ഥലമോ കഴിക്കാന്‍ ഭക്ഷണമോ ഞങ്ങള്‍ക്കില്ല. ഗ്രാമം വിട്ട് ഞങ്ങളുടെ പഴയ വീടിനടുത്തുള്ള മരച്ചുവട്ടിലേക്കാണ് അമ്മ ഞങ്ങളെ കൊണ്ടുപോയത്. അന്നുതൊട്ട് അവിടെയായിരുന്നു ജീവിതം അവിടം നല്ല സ്ഥലമായിരുന്നെങ്കിലും ഒട്ടേറെ ഉറുമ്പുകള്‍ ഉണ്ടായിരുന്നു, എനിക്കും സഹോദരനും രാത്രി ഉറുമ്പുകള്‍ കടിക്കുന്നതു കൊണ്ട് ഉറങ്ങാനേ കഴിയുമായിരുന്നില്ല. എല്ലാദിവസവും അമ്മ അസാധാരണമായി പെരുമാറും. ഒരേവാക്കു തന്നെ വീണ്ടും വീണ്ടും പുലമ്പിക്കൊണ്ടിരിക്കും. ചിലപ്പോഴൊക്കെ അവിടെയുള്ള കുളത്തില്‍ കല്ലുകള്‍ പെറുക്കിയിടുമായിരുന്നു. പേടികൊണ്ട് പലപ്പോഴും സഹോദരനെ ഞാന്‍ അമ്മയെ ഏല്‍പ്പിക്കാറില്ലായിരുന്നു. കാരണം അമ്മ ചിലപ്പോള്‍ ഞങ്ങളൈകാല്ലുമെന്ന് ഗ്രാമവാസികള്‍ പറഞ്ഞിരുന്നു. കുളത്തിലേക്ക് എന്തിനാണ് കല്ലുകള്‍ എറിയുന്നതെന്നു ചോദിച്ചാല്‍ അപ്പോള്‍ അമ്മ ഇങ്ങനെയാണ് മറുപടി നല്‍കിയിരുന്നത് '' ഈ കല്ലുകള്‍ ഞാനാണ്, ഞാന്‍ വെള്ളത്തില്‍ മുങ്ങുന്നത് എങ്ങനെയാണെന്ന് നോക്കൂ'' . പതുക്കെ ആ മരച്ചുവടില്‍ നിന്നും മാറാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ആ മരത്തില്‍ പ്രേതങ്ങള്‍ ഉണ്ടായിരുന്നെന്ന് ഞാന്‍ കേട്ടിരുന്നു ചിലപ്പോള്‍ അതിലൊരു പ്രേതമാകാം എന്റെ അമ്മയിലും കയറിക്കൂടിയത്. അങ്ങനെയാണ് ഞങ്ങള്‍ നഗരത്തിലേക്കു വരുന്നത്. അവിടെ ഗ്രാമവാസിയായ ഒരു ആന്റിയാണ് ഞങ്ങള്‍ക്ക് തുടക്കത്തില്‍ താമസം തന്നത്. അവര്‍ തന്നെ ഒരു ഹോസ്പിറ്റല്‍ അഡ്രസ് വച്ച് അമ്മയെ ഞാന്‍ ചികില്‍സയ്ക്കായി കൊണ്ടുപോയി. ആദ്യകാഴ്ചയില്‍ തന്നെ രോഗിയുടെ ഗാര്‍ഡിയന്‍ എവിടെയെന്നു ഡോക്ടര്‍ ചോദിച്ചു. ഞാനാണെന്നു പറഞ്ഞപ്പോള്‍ ഡോക്ടര്‍ ചിരിച്ചു. അവര്‍ എന്റെ അമ്മയെ ചികില്‍സിച്ചു. ഇന്ന് അമ്മയുടെ പൂര്‍ണ ആരോഗ്യവതിയാണ്. ഇന്ന് ഞങ്ങള്‍ക്കൊരു വീടുമുണ്ട്, പക്ഷേ ചിലപ്പോഴൊക്കെ ഞാന്‍ ആ മരച്ചുവട്ടില്‍ ഉറുമ്പു കടി കൊണ്ടു കിടന്നിരുന്നതോര്‍ക്കും'. കുഞ്ഞുനാള്‍ തൊട്ടേ തന്റെ ഇഷ്ടങ്ങളെ കൈവിട്ട് അമ്മയ്ക്കും അനുജനും വേണ്ടി ജീവിച്ച കൊച്ചുമിടുക്കി. ആ പക്വതയാര്‍ന്ന മനോഭാവം തന്നെയാണ് ഫാത്തിമയുടെ ജീവിതം ഇരുട്ടില്‍ നിന്നും പ്രകാശത്തിലേക്കു നയിച്ചത്.ജീവിതത്തില്‍ സന്തോഷം മാത്രമല്ല പല വിഷമഘട്ടങ്ങളിലൂടെയുമാണ് ഓരോ വ്യക്തികളും കടന്ന്‌പോകുന്നത്. സ്വന്തം ദു:ഖങ്ങള്‍ മാത്രമാണ് വലുതെന്ന് വിചാരിക്കുന്നവരും ചെറിയ പ്രതിസന്ധിഘട്ടങ്ങലില്‍ തളര്‍ന്നുപോകുന്നവരും ഒന്നറിയുക ഫാത്തിമയെ പോലുള്ളവരും ഈ ലോകത്തിന്റെ സന്തതികളാണ് അവരും ഇവിടെ ജിവിക്കുന്നുണ്ട്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)