ലങ്കാ ദഹനം പൂര്‍ണ്ണമായി, ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാന്‍ഡി :ലങ്കാ ദഹനം പൂർത്തിയാക്കി ഇന്ത്യക്ക് ശ്രീലങ്കക്കെതിരെ തകർപ്പൻ ജയം .മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയതോടെ ഇന്ത്യ ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര 3-0 ന് സ്വന്തമാക്കി. നാല്പതിനാലാമത്തെ ഓവറിൽ വിജയിക്കാന്‍ എട്ട് റണ്‍സ് മാത്രം വേണ്ടിയിരുന്നപ്പോള്‍ കാണികള്‍ ഗ്രൌണ്ടിലേക്ക് കുപ്പിയും മറ്റും വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് കളി അരമണിക്കൂര്‍ തടസപ്പെട്ടിരുന്നു തുടര്‍ന്ന് ഇരു ടീമംഗങ്ങളും പവിലയനിലേക്ക് മടങ്ങി. പിന്നീട് കാണികളുടെ പ്രതിഷേധം കുറഞ്ഞപ്പോള്‍ ടീം തിരിച്ചെത്തി മത്സരം പൂര്‍ത്തിയാക്കുകയായിരുന്നു. ടെസ്റ്റിന് പിന്നാലെ ഏകദിന പരമ്പരയിലേയും ശ്രീലങ്കയുടെ പരാജയമാണ് ആരാധകരെ പ്രകോപിതനാക്കിയത് . ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഉയര്‍ത്തിയ 218 റണ്‍സ് ഇന്ത്യ നാല്പത്തി അഞ്ചാമത്തെ ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. സ്കോര്‍: ശ്രീലങ്ക-218-9, ഇന്ത്യ-219-4. ഓപ്പണര്‍ രോഹിത്ത് ശര്‍മയുടെ സെഞ്ചുറിയും (145 പന്തില്‍ 124}), മഹേന്ദ്ര സിങ് ധോണിയുടെഅര്‍ധ സെഞ്ചുറിയും ( 85 പന്തില്‍ 66) ആണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. ശിഖര്‍ ധവാന്‍(5), കോലി(3), കെ എല്‍ രാഹുല്‍(17) എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്ണാണെടുത്തത്. ടോസ് കിട്ടി ബാറ്റിങ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ ചാമര കപുഗദേരയുടെ തീരുമാനം തെറ്റിയെന്നാണ് പിന്നീട് കളിയുടെ ഗതി കണ്ടപ്പോൾ മനസ്സിലായത് .പേസര്‍മാര്‍ക്ക് അനുകൂലമായ പിച്ചില്‍ ബുമ്രയും ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് ലങ്കന്‍ ബാറ്റ്സ്മാന്‍മാരെ കുഴക്കി. സ്കോര്‍ 28ല്‍ നില്‍ക്കെ നിരോഷ് ഡിക്വെല്ല (15 പന്തില്‍ 13), കുസാല്‍ മെന്‍ഡിസ് (10 പന്തില്‍ 1) എന്നിവരുടെ വിക്കറ്റുകള്‍ ലങ്കയ്ക്ക് നഷ്ടമായി. മൂന്നാം വിക്കറ്റില്‍ ചന്‍ഡിമലും തിരിമണ്ണെയും ചേര്‍ന്ന് നേടിയ 72 റണ്‍ കൂട്ടുകെട്ടാണ് ലങ്കയെ തകര്‍ച്ചയില്‍നിന്ന് അല്പമെങ്കിലും കരകയറ്റിയത്. ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ലാഹിരു തിരിമണ്ണെയുടെ (105 പന്തില്‍ 80) പ്രകടനമാണ് ലങ്കയെ 200 കടത്തിയത്. പരിക്കേറ്റ ധനുഷ്ക ഗുണതിലകെയ്ക്ക് പകരമായാണ് തിരിമണ്ണെ ലങ്കന്‍ ടീമില്‍ ഇടംനേടിയത്. വിലക്കിലുള്ള ക്യാപ്റ്റന്‍ ഉപുല്‍ തരംഗയ്ക്ക് പകരമെത്തിയ ദിനേശ് ചന്‍ഡിമല്‍ 71 പന്തില്‍ 36 റണ്ണെടുത്തു. മറ്റാര്‍ക്കും ലങ്കന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായില്ല തിരിമണ്ണെ ഇന്ത്യന്‍ ബൌളര്‍മാരെ മികച്ച രീതിയില്‍ നേരിട്ടപ്പോള്‍ ചന്‍ഡിമല്‍ വിഷമിച്ചു. ഒടുവില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഷോര്‍ട്ട്പിച്ച് പന്തില്‍ ബുമ്രയ്ക്ക് പിടികൊടുത്ത് ചന്‍ഡിമല്‍ മടങ്ങുകയും ചെയ്തു. തിരിമണ്ണെ ഒരറ്റത്ത് പൊരുതിയെങ്കിലും പിന്തുണ കിട്ടിയില്ല. പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് മുന്നില്‍ ലങ്കന്‍ നിര തകര്‍ന്നു. പത്തോവറില്‍ രണ്ട് മെയഡ്ന്‍ ഉള്‍പ്പെടെ 27 റണ്‍ മാത്രം വഴങ്ങിയാണ് ബുമ്ര അഞ്ച് വിക്കറ്റെടുത്തത്. ഈ ഇരുപത്തിമൂന്നുകാരന്റെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനമാണിത്.

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)