ന്യൂഡല്‍ഹി: ജനുവരി ആദ്യത്തോടെ രാജ്യത്ത് കൊവിഡ് വാക്സിന്റെ വിതരണം ആരംഭിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഡല്‍ഹി എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേറിയ. ഇന്ത്യയിലെ കൊവിഡ് വാക്സിനുകളുടെ പരീക്ഷണം അന്തിമ ഘട്ടത്തിലാണ്. ഡിസംബര്‍ അവസാനമോ ജനുവരി ആദ്യമോ ഇതില്‍ ഏതെങ്കിലും വാക്സിന് അധികൃതരുടെ അടിയന്തര അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തുടക്കത്തില്‍ രാജ്യത്ത് എല്ലാവര്ക്കും നല്‍കുന്നതിനുള്ള വാക്സിന് ലഭ്യമാകില്ല. അതുകൊണ്ട് മുന്‍ഗണനാ പട്ടിക തയ്യാറാക്കി അതു പ്രകാരം പ്രായമുള്ളവര്‍, രോഗബാധിതര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുകയെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് അദ്ദേഹം പറഞ്ഞു.
നിലവില്‍ ഓക്സ്ഫഡിന്റെ കൊവിഷീല്‍ഡ് വാക്സിനും റഷ്യയുടെ സ്പുട്നിക് വിയും സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലാണ്. രാജ്യത്തെ എണ്‍പതിനായിരത്തോളം പേരില്‍ വാക്സിന് പരീക്ഷണം നടത്തിയിട്ടുണ്ട്. ആരിലും ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നും കാണാന്‍ സാധിച്ചില്ല. പരീക്ഷണം നടക്കുന്ന വാക്സിനുകള്‍ സുരക്ഷിതവും കാര്യക്ഷമവുമാണെന്ന കാര്യത്തില്‍ നിലവില്‍ ആവശ്യത്തിന് തെളിവുകള്‍ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓക്സ്ഫഡ് വാക്സിനെതിരെ ചെന്നൈ സ്വദേശി ഉയര്‍ത്തിയ ആരോപണം വസ്തുതാപരമല്ല. വാക്സിനുമായി ബന്ധപ്പെട്ട പ്രശ്നമല്ല അദ്ദേഹത്തിന്റെതെന്നും ഗുലേറിയ പറഞ്ഞു.ഇപ്പോള്‍ ഇന്ത്യയില്‍ കൊവിഡ് ബാധയുടെ കാര്യത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. രോഗവ്യാപനത്തിന്റെ കാര്യത്തില്‍ വലിയൊരു മാറ്റം അടുത്ത മൂന്നു മാസങ്ങള്‍ക്കിടയില്‍ ഉണ്ടാകും. ജനങ്ങള്‍ ശരിയായി പെരുമാറിയാല്‍ രോഗബാധ കുറഞ്ഞുവരുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും രണ്‍ദീപ് ഗുലേറിയ പറഞ്ഞു.
Discussion about this post