തമിഴകത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാലും മമ്മൂട്ടിയും. നയന്‍താരയുടെ ഏറ്റവും പുതിയ മലയാള ചിത്രമായ ‘നിഴലി’ലെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടാണ് ഇരുതാരങ്ങളും നയന്‍താരയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
കഥാപാത്രത്തിന്റെ അപ്പിയറന്‍സില്‍ നയന്‍താര പ്രത്യക്ഷപ്പെടുന്ന പോസ്റ്ററില്‍ പക്ഷേ കഥാപാത്രത്തിന്റെ പേര് പറഞ്ഞിട്ടില്ല. നേരത്തെ കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടത്. ‘അഞ്ചാം പാതിരാ’യ്ക്കു ശേഷം കുഞ്ചാക്കോ ബോബന് നായകനാവുന്ന ത്രില്ലര്‍ ചിത്രമാണിത്. നയന്താരയ്ക്കൊപ്പം ആദ്യമായാണ് ഒരു മുഴുനീള കഥാപാത്രത്തെ ചാക്കോച്ചന് അവതരിപ്പിക്കുന്നത്. ‘ലവ് ആക്ഷന്‍ ഡ്രാമ’യ്ക്കു ശേഷം നയന്‍താര മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
സംസ്ഥാന അവാര്‍ഡ് ജേതാവായിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ആന്റോ ജോസഫ് ഫിലിം കമ്പനി, മെയ്ലോഞ്ച് ഫിലിം ഹൗസ്, ടെന്റ്പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, ഫെല്ലിനി ടി പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post