കൊച്ചി: കോതമംഗലം പളളിത്തര്‍ക്കം പരിഹരിക്കുന്നതിന് മൂന്നുമാസത്തെ സമയം കൂടി വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറി ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പള്ളിത്തര്‍ക്കത്തില്‍ ഇരുവിഭാഗമായും ചര്‍ച്ചകള്‍ തുടരുകയാണെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ചര്‍ച്ചയില്‍ തീരുമാനമാകുംവരെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് ഇരുവിഭാഗവും തമ്മില്‍ ധാരണയുണ്ട്. ചര്‍ച്ചകള്‍ കഴിയും വരെ നിലവിലെ അവസ്ഥ തുടരണം. ഈ ഘട്ടത്തില്‍ സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കാന്‍ നിര്‍ബന്ധിക്കരുത്. പള്ളി പിടിച്ചെടുക്കാന്‍ കോടതി നിര്‍ദേശിച്ചാല്‍ നിലവിലെ ധാരണകള്‍ പൊളിയുമെന്നും സമാധാനാന്തരീക്ഷം തകരുമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
വിധി തല്ക്കാലം നടപ്പാക്കേണ്ട എന്നാണ് ഇരുസഭകളുടെയും നിലപാടെന്നും സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് വ്യാപന സാധ്യത മുന്‍നിര്‍ത്തിയാണ് പളളി ഏറ്റെടുക്കല്‍ നിര്‍ത്തിവച്ചതെന്ന് കലക്ടര്‍ വ്യക്തമാക്കി. കോടതി വിധി തല്ക്കാലം നടപ്പാക്കേണ്ടെന്ന ധാരണ ഇല്ലെന്ന് ഓര്‍ത്തഡോക്സ് സഭയും വ്യക്തമാക്കി. ഇതിനിടെ പള്ളി ഏറ്റെടുക്കുന്നതിനായി കേന്ദ്ര സേനയെ വിന്യസിക്കാന്‍ തയാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
Discussion about this post