പെരുമ്പിലാവ്: അധ്വാനിച്ച് നേടിയ ഒരേക്കര്‍ ഭൂമി സര്‍ക്കാരിന്റെ ലൈഫ് മിഷന് ഫ്ലാറ്റ് നിര്‍മാണത്തിനു സൗജന്യമായി നല്കി 76കാരന്. ചാലിശ്ശേരി വട്ടേക്കാട്ട് ബാലകൃഷ്ണനാണ് ആ നല്ല മനസ്സിനുടമ. തനിക്ക് ആവശ്യത്തിനുള്ളതു എടുത്ത് ബാക്കിയെല്ലാം സമൂഹത്തിലെ അശരണര്‍ക്ക് നല്‍കണമെന്നാണ് തന്റെ ജീവിതത്തിലൂടെ പഠിച്ചതെന്ന് ബാലകൃഷ്ണന് എന്ന നാട്ടുകാരുടെ ബാലേട്ടന് പറയുന്നു.
1993ല്‍ വീടിനു സമീപം ഉണ്ടായിരുന്ന തന്റെ ഒരേക്കറോളം സ്ഥലം ബാലേട്ടന് പൊതു ശ്മശാനത്തിനു വിട്ടു കൊടുത്തിരുന്നു. അന്നു മുതലാണു ബാലേട്ടന് ചാലിശ്ശേരിക്കാരുടെ പ്രിയപ്പെട്ടവനാകുന്നത്. ഉറ്റവര്‍ നട തള്ളിയ വയോജനങ്ങള്‍ക്കു സ്നേഹഭവനം നിര്‍മിക്കുന്നതിന് 2012ല്‍ ചാലിശേരിയിലെ അര ഏക്കറോളം ഭൂമി സൗജന്യമായി നല്കി.
പ്രതീക്ഷ എന്ന പേരില്‍ ഇവിടെ ഷെല്‍ട്ടര്‍ ഹോം പ്രവര്‍ത്തിക്കുന്നുണ്ട്. 15 വര്‍ഷത്തെ സൈനിക സേവനത്തിനു ശേഷം 20 വര്‍ഷം വിദേശത്ത് ജോലി ചെയ്താണ് ബാലകൃഷ്ണന് ഈ ഭൂമിയെല്ലാം സമ്പാദിച്ചത്. ചെറുപ്പത്തില്‍ അനുഭവിച്ച കഷ്ടപ്പാടുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടാണ് ബാലകൃഷ്ണന് ഈ പുണ്യപ്രവൃത്തിയിലേക്ക് തിരിഞ്ഞത്.
തൃശൂര്‍ മുളയത്തെ കുട്ടികളുടെ ഗ്രാമത്തില്‍ നിന്നും 2 കുട്ടികളെ ദത്തെടുത്ത് ഇദ്ദേഹം വളര്‍ത്തിയിരുന്നു. ഭാര്യയും 2 മക്കളും മരുമക്കളും അടങ്ങുന്ന കുടുംബം പരിപൂര്‍ണ പിന്തുണ നല്‍കിയതാണ് ബലേട്ടന്‍ ഊര്‍ജമായത്. തിരുമിറ്റക്കോട് പഞ്ചായത്ത് വെള്ളടിക്കുന്ന് പ്രദേശത്തുള്ള ഭൂമിയാണ് കഴിഞ്ഞ ദിവസം സര്‍ക്കാരിനു നല്‍കിയത്. ഭൂമിയുടെ ആധാരം പഞ്ചായത്ത് സെക്രട്ടറി പി.എന്‍ രാജുവിന് കഴിഞ്ഞ ദിവസം കൈമാറി.
Discussion about this post