ബെയ്ജിങ്ങ്: വന്ദേഭാരത് മിഷന് വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ചൈന. ഇന്ത്യയില്‍ നിന്ന് തിരിച്ചെത്തിയവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇന്ത്യയില്‍ നിന്നുളള വിമാന സര്‍വീസുകള്‍ക്ക് ചൈന നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. വന്ദേഭാരത് മിഷന് വഴി കഴിഞ്ഞ വെളളിയാഴ്ച ചൈനയിലെത്തിയ ഇന്ത്യക്കാരില്‍ 23 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 19 പേര്‍ക്ക് ലക്ഷണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.
അതേസമയം 1500 ഇന്ത്യക്കാര്‍ ചൈനയിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി ബെയ്ജിങ്ങിലുളള ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വിമാനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ ചൈനയുടെ പുതിയ തീരുമാനം ഇവരുടെ യാത്ര അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. എന്നാല്‍ ‘മഹാമാരിയെ നേരിടാനുളള ന്യായമായ നടപടിയാണിതെ’ന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം നല്കുന്ന വിശദീകരണം.
മഹാമാരിയുടെ പശ്ചാത്തലത്തില്‍ ചൈനീസ് വിസയോ, റെസിഡന്‍സ് പെര്‍മിറ്റോ കൈവശമുളള ഇന്ത്യക്കാരുടെ ചൈനയിലേക്കുളള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇവര്‍ നല്കുന്ന ആരോഗ്യപരിശോധനാ സര്‍ട്ടിഫിക്കറ്റില്‍ ചൈന എംബസി/കോണ്‍സുലേറ്റുകളോ സ്റ്റാമ്പ് ചെയ്യില്ലെന്നും ചൈനീസ് സര്‍ക്കാരിന്റെ പ്രസ്താവനയില്‍ പറയുന്നു. അതേസമയം ചൈനീസ് നയതന്ത്ര, സേവന, സി-വിസകള്‍ കൈവശമുളളവര്‍ക്ക് ഇത് ബാധകമല്ലെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്.
അടിയന്തര- മാനുഷികാവശ്യങ്ങള്‍ക്കായി ചൈന സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസക്കായി ഇന്ത്യയിലെ ചൈനീസ് എംബസിയിലോ കോണ്‍ലേറ്റുകളിലോ അപേക്ഷ സമര്‍പ്പിക്കാനാവുമെന്നും അധികൃതര്‍ വ്യക്തമാക്കി. 2020 നവംബര്‍ മൂന്നിന് ശേഷം നല്കിയ വിസകളുളളവര്‍ക്കും പ്രവേശന വിലക്കില്ല.
Discussion about this post