ബോളിവുഡ് താരസുന്ദരി കങ്കണ റണാവത്തിന്റെ സിനിമാ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു 2008ല്‍ മധുര് ഭണ്ഡാര്‍ക്കറുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ഫാഷന്‍’ എന്ന ചിത്രം. ഈ ചിത്രത്തിലെ അഭിനയത്തിനാണ് കങ്കണയ്ക്ക് ആദ്യമായി ദേശീയ അവാര്‍ഡ് കിട്ടുന്നത്. മികച്ച സഹനടിക്കുള്ള പുരസ്കാരമാണ് താരം സ്വന്തമാക്കിയത്. ഇതേ ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം പ്രിയങ്ക ചോപ്ര കരസ്ഥമാക്കിയത്. ഫാഷന്‍ ലോകത്തെ ഗ്ലാമറസ് ജീവിതങ്ങളുടെ നേര്‍ക്കാഴ്ച്ചകള്‍ പ്രേക്ഷകന് മുന്നിലേക്കെത്തിച്ച ചിത്രത്തില്‍ കങ്കണ റണാവത്, പ്രിയങ്ക ചോപ്ര, മുഗ്ദ ഗോഡ്സെ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഈ ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരം ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും ചിത്രം തന്റെ സിനിമാ ജീവിതത്തെ തന്നെ മാറ്റി മറിച്ചെന്നുമാണ് കങ്കണ ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്.
ചിത്രം റിലീസായി ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ‘ഫാഷന്‍’ എന്ന ചിത്രം ചര്‍ച്ച ചെയ്യപ്പെടുന്നത് മനോഹരമാണ്. ക്വീന്‍, മണികര്‍ണിക, എന്നീ ചിത്രങ്ങള്‍ക്കൊക്കെ ശേഷവും ആളുകള്‍ എന്നെ കാണുമ്പോള്‍ ഫാഷനെ കുറിച്ച് സംസാരിക്കുന്നു, എന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുന്നു. ചിത്രത്തിലെ പ്രകടനത്തിന് ദേശീയ പുരസ്കാരം ലഭിച്ചു. അത് മനോഹരമായ അനുഭവമായിരുന്നു. പക്ഷേ സത്യസന്ധമായി പറഞ്ഞാല്‍ ഞാനത് പ്രതീക്ഷിച്ചിന്നില്ല. ഇതിലും ശക്തമായ കഥാപാത്രത്തെയാണ് ഞാന്‍ മുന്‍ ചിത്രങ്ങളായ ഗ്യാങ്സ്റ്ററിലും വോ ലംഹേയിലും അഭിനയിച്ചത്. അതിന് ദേശീയ പുരസ്കാരം ലഭിച്ചില്ല. പക്ഷേ അതിലെല്ലാം ഉപരി ഞാന്‍ സമാന്തര സിനിമയില്‍ നിന്ന് മുഖ്യധാരാ സിനിമയിലേക്കെത്തി. രാജ്യമൊട്ടാകെ ആളുകള്‍ എന്നെ തിരിച്ചറിഞ്ഞു തുടങ്ങി. അതെന്റെ ജീവിതം തന്നെ മാറ്റി’ എന്നാണ് കങ്കണ അഭിമുഖത്തില്‍ പറഞ്ഞത്.
Discussion about this post