തിരുവനന്തപുരം: പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ട എന്ന പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് രമേശ് ചെന്നിത്തല പറയുന്നു.
രാഹുല്‍ ഗാന്ധി ദേശീയ നേതാവാണ്. പ്രാദേശിക തലത്തില്‍ അല്ല രാഹുല്‍ ഗാന്ധി അഭിപ്രായം പറയുന്നത്. അദ്ദേഹം ദേശീയ തലത്തില്‍ ആണ് കാര്യങ്ങള്‍ കാണുന്നതും, അഭിപ്രായം പറയുന്നതും. അതുകൊണ്ടു തന്നെ രാഹുല്‍ ഗാന്ധിയുടെ പ്രതികരണത്തെ, ആ അര്‍ത്ഥത്തില്‍ വേണം കാണേണ്ടത് എന്നാണ് അഭിപ്രായപ്പെട്ടതെന്ന് രമേശ് ചെന്നിത്തല തിരുത്തി പറയുന്നു.
കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ബ്ലെയിം ഗെയിം നടത്തരുത് എന്നാണ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടത്. ഇതിനെ സംസ്ഥാന സര്‍ക്കാരിനായുള്ള അംഗീകാരം ആയി കാണണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചില്ലേ എന്ന ചോദ്യത്തിനാണ് ചെന്നിത്തല പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ട എന്ന് പറഞ്ഞത്.
രമേശ് ചെന്നിത്തലയുടെ വിവാദമായ വാക്കുകള്‍;
രാഹുല്‍ ഗാന്ധിയെ പോലൊരു നേതാവ് ഇവിടെ വന്നിട്ട്, അദ്ദേഹം പ്രാദേശിക വിഷയങ്ങളിലൊക്കെ ഇടപെട്ട് സംസാരിക്കുന്നത് ശരിയല്ലായെന്നുള്ള അഭിപ്രായമാണ് എനിക്കുമുള്ളത്. അദ്ദേഹം അത് അങ്ങനെ പറഞ്ഞാല്‍ മതി. ഞങ്ങള്‍ ഒക്കെ ഇവിടുണ്ടല്ലോ കാര്യങ്ങള്‍ പറയാന്‍. അദ്ദേഹം പറയുമ്പോള്‍, അദ്ദേഹം ആ നിലയില്‍നിന്നു കൊണ്ട് പറഞ്ഞാല്‍ മതി. അതാണ് ഞങ്ങളുടെയും അഭിപ്രായം. ഈ ബ്ലെയിം ഗെയിം നടത്തരുത് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതില്‍ എല്ലാം ഉണ്ട്.
Discussion about this post