ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ ബലാത്സംഗത്തിനിരയായി 19-കാരി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ട് മുഖം രക്ഷിക്കാന്‍ യോഗി സര്‍ക്കാര്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസാണ് അന്വേഷണം സിബിഐയ്ക്ക് വിടുന്നതായി അറിയിച്ചത്. മരണപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം ഇന്ന് സന്ദര്‍ശിച്ചിരുന്നു. പിന്നാലെയാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം.
പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയും ബന്ധുക്കളെ ബന്ദികളാക്കി യുപി പോലീസ് മൃതദേഹം സംസ്കരിച്ചതിനുമെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേസ് സിബിഐയ്ക്ക് വിടുന്നത്.
അന്വേഷണം അട്ടിമറിക്കുമെന്നും യുപി പോലീസില്‍ വിശ്വാസമില്ലെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഇന്ന് ആരോപിച്ചിരുന്നു. ജുഡീഷ്യല്‍ അന്വേഷണമാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെടുന്നതെന്നാണ് സന്ദര്‍ശത്തിന് ശേഷം പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞത്. ജില്ലാ മജിസ്ട്രേറ്റിനെ നീക്കം ചെയ്യണമെന്നും സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടതായി പ്രിയങ്ക പറഞ്ഞു.
Discussion about this post