കൊച്ചി: സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐഫോൺ സമ്മാനിച്ചെന്ന വിവാദത്തിൽ വഴിത്തിരിവായി ഐഫോൺ വാങ്ങിച്ച ബില്ലുകൾ പുറത്ത്. യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സ്വപ്ന സുരേഷിന് നൽകാൻ ഫോൺ വാങ്ങിയതിന്റെ ബില്ലാണ് പുറത്ത് വന്നിരിക്കുന്നത്. യൂണിടാക്കിന്റെ പേരിൽ കൊച്ചിയിലെ കടയിൽ നിന്ന് വാങ്ങിയത് ആറ് ഐ ഫോണുകളാണ്. ഇതിൽ 5 ഐ ഫോണുകളാണ് സ്വപ്ന സുരേഷിന് കൈമാറിയത്. ഹൈക്കോടതിയിൽ സമർപ്പിച്ച ബില്ലിന്റെ പകർപ്പാണ് പുറത്തെത്തിയിരിക്കുന്നത്.
5 ഐ ഫോണുകളാണ് സ്വപ്ന സുരേഷിന് കൈമാറിയത്. ഈ അഞ്ച് ഫോണുകളിൽ ഒന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വച്ച് സ്വപ്ന സുരേഷ് രമേശ് ചെന്നിത്തലയ്ക്ക് കൈമാറി എന്നാണ് സന്തോഷ് ഈപ്പന്റെ ആരോപണം. ലൈഫ് മിഷൻ ഫഌറ്റുകളുടെ കരാർ ലഭിച്ചതിനാണ് 4.48 കോടി രൂപയും അഞ്ച് ഐ ഫോണും കമ്മീഷൻ ആയി നൽകിയതെന്ന് യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പൻ അവകാശപ്പെടുന്നു.
സിബിഐ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആയിരുന്നു ഈ വെളിപ്പെടുത്തൽ. അതേസമയം, താൻ കാശ് കൊടുത്ത് വാങ്ങിയ ഫോണാണ് തന്റെ കയ്യിൽ ഉള്ളതെന്നും ആരോപണത്തെ നിയമപരമായി നേരിടുമെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം.
Discussion about this post