തിരുവനന്തപുരം: വിശ്വാസികൾക്ക് ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘പലവിധത്തിലുള്ള മാനങ്ങൾ ഉള്ളതാണ് കൃഷ്ണസങ്കല്പം. ലീലാകൃഷ്ണൻ മുതൽ പോരാളിയായ കൃഷ്ണൻ വരെയുണ്ട്. തേരാളിയായ കൃഷ്ണൻ മുതൽ ദാർശനികനായ കൃഷ്ണൻ വരെയുണ്ട് ആ സങ്കല്പത്തിൽ. അത് ഭക്തിയെ മാത്രമല്ല സാഹിത്യത്തെ വരെ പ്രചോദിപ്പിച്ചിട്ടുണ്ട്. ശ്രീകൃഷ്ണ ജയന്തി ദിനം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദിനമായി ആഘോഷിക്കാൻ ഏവർക്കും കഴിയട്ടെ.’ മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കൊവിഡിന്റെ പശ്ചാത്തലത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ ഇത്തവണ വീടുകൾ കേന്ദ്രീകരിച്ച് നടത്തണമെന്ന് അധികൃതർ നിർദേശിച്ചിരുന്നു. അതുകൊണ്ട് ശ്രീകൃഷ്ണ ജയന്തിദിനത്തിന്റെ പ്രത്യേകതയായ ശോഭായാത്രകൾ ഇത്തവണ ഉണ്ടാകില്ല.
ഉത്തരേന്ത്യക്കാർക്ക് ആഗസ്റ്റ് 10നായിരുന്നു ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങൾ. മലയാള വർഷ പ്രകാരം, ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തിലാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാറുള്ളത്. ഈ ദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു.
Discussion about this post